Pages

Wednesday, April 24, 2013

ശ്രീ ലാൽഗുഡി ജയരാമൻ സാർ വിടവാങ്ങി


ത്യാഗരാജ സ്വാമികളുടെ പരമ്പരയിൽ ജനിച്ച് , കർണാടക സംഗീതത്തിൽ തനതായ ശൈലി രൂപപ്പെടുത്തുകയും വയലിൻ എന്ന സംഗീത ഉപകരണത്താൽ സംഗീതാസ്വാദകരുടെ മനം കവരുകയും ഒട്ടേറെ കൃതികൾ രചിച്ച് ജനപ്രിയമാക്കുകയും ചെയ്ത പദ്മഭൂഷണ്‍ ശ്രീ ലാൽഗുഡി ജയരാമൻ സാർ
വിടവാങ്ങി ... ലോകമെമ്പാടും കർണാടക സംഗീതരീതിയിൽ പുതിയ ഒരു വയലിൻ ശൈലി അവതരിപ്പിക്കുകയും അത് സുപ്രസിദ്ധമാക്കുകയും ചെയ്തു ... ആ ശൈലി ലാൽഗുഡി ബാണി എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു ... ചെമ്പൈ , ശെമ്മാങ്കുടി , ടി എൻ ശേഷഗോപാലൻ തുടങ്ങിയ പ്രമുഖ ഗായകരുടെ സ്ഥിരം വയലിൻ അകമ്പടി ജയരാമൻ സാർ ആയിരുന്നു ... വയലിനിസ്റ്റ് , കമ്പോസർ തുടങ്ങിയ മേഘലകളിൽ ഒരുപാട് സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ വിയോഗം സംഗീത രംഗത്തിന് ഒരു തീരാനഷ്ടം തന്നെയാണ് ... അദ്ദേഹത്തിന് രവീന്ദ്ര സംഗീതത്തിന്റെ ആദരാഞ്ജലികൾ ...

സച്ചിനും സംഗീതവും തമ്മിൽ എന്ത് ബന്ധം

സച്ചിനും സംഗീതവും തമ്മിൽ എന്ത് ബന്ധം എന്നായിരിക്കും ? നേരിട്ട് ബന്ധം ഒന്നും ഇല്ലായിരിക്കും ... മനുഷ്യൻ കലകളിൽ ഏറ്റവും സ്നേഹിച്ചത് ഒരുപക്ഷെ സംഗീതത്തെ ആയിരിക്കും... സംഗീതത്തിനു മനുഷ്യനെ സന്തോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും ഉള്ള ഒരു ദിവ്യശക്തി ഉള്ളതാണ് ... അതുകൊണ്ട് തന്നെ സംഗീതവുമായി ബന്ധപ്പെട്ട എല്ലാവരെയും നമ്മൾ സ്നേഹിച്ചു പോകും ... ഇന്ത്യയിലെ എന്നല്ല ലോകം മുഴുവൻ ഉള്ള എണ്ണമറ്റ സംഗീതജ്ഞർ ജനങ്ങളുടെ ആരാധനാപാത്രങ്ങളാണ്.... ഇന്ത്യയിലാണെങ്കിൽ കൂടുതൽ പേരും സ്നേഹിക്കുന്നതും ആരാധിക്കുന്നതും സംഗീത - സിനിമാ - സ്പോർട്സ് മേഘലകളിലെ താരങ്ങളെയാണ് .... ഏതാണ്ട് ഒപ്പം തന്നെ മറ്റു വിഭാഗങ്ങളും വരുന്നു ... എന്നാൽ ഈ വിഭാഗത്തിൽ പെട്ട താരങ്ങളടക്കം എല്ലാവരും ഒരുപോലെ സ്നേഹിക്കുന്ന മറ്റൊരു വ്യക്തിയുണ്ട്‌ ... സച്ചിൻ ടെണ്ടുൽക്കർ !! ക്രിക്കറ്റ് താരം എന്നതിലുപരി ഒരു മനുഷ്യസ്നേഹി . എത്ര ഉയരത്തിൽ എത്തിയിട്ടും എപ്പോഴും വിനയം കൈമുതലായുള്ള വ്യക്തി . അനാഥരും സാമ്പത്തികമായി ബുദ്ധിമുട്ടും ഉള്ള ഒട്ടേറെ കുട്ടികളെ സ്വന്തം ചെലവിൽ ഭക്ഷണവും വസ്ത്രവും നൽകുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഈ മനുഷ്യനെ അത്ര മേൽ നമ്മൾ സ്നേഹിക്കുന്നു ... ഭാരതത്തിന്റെ അഭിമാനമായ സച്ചിന്റെ നേട്ടങ്ങൾ എഴുതിയെടുക്കാൻ തന്നെ പേജുകൾ വേണ്ടി വരും ... 23 വർഷത്തിൽ അധികമായി ബാറ്റിംഗ് ഒരു കലയായി വിസ്മയിപ്പിക്കുന്ന സച്ചിന്റെ ജന്മദിനം ആണിന്ന് .... ഈ ദിവസത്തിൽ നമുക്കും സച്ചിന് ജന്മദിനാശംസകൾ നേരാം ... സച്ചിന് രവീന്ദ്ര സംഗീതത്തിന്റെ ജന്മദിനാശംസകൾ

Sunday, April 21, 2013

പി ഭാസ്കരൻ മാസ്റ്റര്‍


മണ്ണിന്റെ മണവും കാറ്റിന്റെ സുഗന്ധവും നാടൻ ശീലുകളും എല്ലാം ഒത്തിണങ്ങിയ ലാളിത്യമുള്ള പാട്ടുകളുടെ അമരക്കാരനായിരുന്ന
പി ഭാസ്കരൻ മാഷിന്റെ ജന്മദിനമാണിന്ന് ..( April 21 ).. പത്തു വെളുപ്പിന് മുറ്റത്ത്‌ നിക്കണ കസ്തൂരി മുല്ലപ്പൂ പോലെ സുന്ദരമായ ഗാനങ്ങൾ നമുക്ക് തന്ന് നമ്മളിൽ നിന്നും അകന്നു പോയ ആ പ്രതിഭക്ക് രവീന്ദ്ര സംഗീതത്തിന്റെ പ്രണാമം.... _/\_

Tuesday, April 16, 2013

ശ്രീ സ്വാതിതിരുന്നാൾ മഹാരാജാവ്


ശ്രീ സ്വാതി തിരുന്നാൾ മഹാരാജാവ് ( 13-April-1813 to 27-27-1847)

ഇന്ന് കേരള സംഗീതത്തിന്റെ ചക്രവർത്തിയായിരുന്ന

ശ്രീ സ്വാതിതിരുന്നാൾ മഹാരാജാവിന്റെ ഇരുന്നൂറാം ജന്മദിനം ... സകലകലാവല്ലഭനായിരുന്ന സ്വാതിതിരുന്നാൾ മഹാരാജാവിന്റെ സംഭാവനകൾ ഏവരെയും അതിശയിപ്പിക്കുനതാണ് ... വെറും 33 വയസ്സ് വരെ മാത്രം ജീവിച്ചിരുന്ന അദ്ദേഹം കേരള സംഗീത ചരിത്രം തന്നെ തിരുത്തിയെഴുതി ... മലയാളം , തമിഴ് , കന്നഡ , തെലുങ്ക് , ഹിന്ദി , സംസ്കൃതം മുതലായ ഭാഷകളിൽ ആയിരത്തിൽ താഴെ കൃതികൾ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു ...മാത്രമല്ല ഇംഗ്ലീഷ് , ബംഗാളി , ഒറിയ , മറാത്തി തുടങ്ങിയ ഭാഷകളിൽ കൂടി അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു .... മോഹിനിയാട്ടം എന്ന കലാരൂപത്തിൽ ഇപ്പോഴും അദ്ദേഹം രചിച്ച പദങ്ങളും വർണ്ണങ്ങളും ആണ് കൂടുതലായി ഉപയോഗിച്ച് വരുന്നത് .... രാജപദവി ഏറ്റെടുത്തതിനു ശേഷം അദ്ദേഹത്തിന്റെ കലാസദസ്സിൽ ഒരിക്കലെങ്കിലും പങ്കെടുക്കാത്ത കലാകാരന്മാർ വളരെ കുറവായിരുന്നു ... കലാകാരന്മാരെ അങ്ങേയറ്റം ശ്രീ സ്വാതി തിരുന്നാൾ മഹാരാജാവ് പ്രോത്സാഹിപ്പിച്ചിരുന്നു .... കർണ്ണാടക - ഹിന്ദുസ്ഥാനി സംഗീത വിഭാഗങ്ങളിലായി അദ്ദേഹം രചിച്ച കീർത്തനങ്ങൾ ഇപ്പോഴും ഒളി മങ്ങാതെ നിലനിൽക്കുന്നു ... അപൂർവ്വരാഗങ്ങളിൽ പോലും മഹാരാജാവിന്റെ കീർത്തനങ്ങൾ കാണാം .... അദ്ദേഹത്തിന്റെ ഒരു കീർത്തനമെങ്കിലും ഇല്ലാത്ത ഒരു കച്ചേരി ഇന്നില്ല ....

രാജഭരണം , സാഹിത്യം , സംഗീതം , ജ്യോതിഷം , ഗണിതം , ബഹുഭാഷകൾ തുടങ്ങി സകല മേഘലകളിലും അഗാധ പണ്ഡിതനായിരുന്ന ശ്രീ സ്വാതിരുന്നാൾ മഹാരാജാവിന്റെ ഓർമകൾക്ക് മുന്നിൽ രവീന്ദ്ര സംഗീതത്തിന്റെ പ്രണാമം ....

Monday, January 28, 2013

മിണ്ട്യാ വിഷനിലേക്ക് സ്വാഗതം

നമസ്കാരം.... മിണ്ട്യാ വിഷനിലേക്ക് സ്വാഗതം....ഞാന്‍ തംബുരു... പ്രധാന വാര്‍ത്തകളിലേക്ക്...

ആദ്യമായി , കുപ്രസിദ്ധ മോഷ്ടാവ് തെണ്ടി ചോറിനെ പൂനെയില്‍ അറസ്റ്റ് ചെയ്തിരിക്കുന്നു... അതിഗൂഢമായ നീക്കത്തിലൂടെ കേരള പോലീസിന്റെയും പൂനെ പോലീസിന്റെയും സംയുക്ത ഇടപെടലിലൂടെയാണ് തെണ്ടി ചോര്‍ അറസ്ടിലായിരിക്കുന്നത്.....തെണ്ടിയെ കേരളത്തിലേക്ക് വിമാനമാര്‍ഗം കൊണ്ട് വരും എന്നാണു റിപ്പോര്‍ട്ട്....വിശദ വിവരങ്ങളുമായി കിട്ടന്‍ നമ്മോടു ചേരുന്നു ...

''കിട്ടന്‍ , എന്തൊക്കെയാണ് വിവരണങ്ങള്‍...?''

''തംബുരു, തെണ്ടി ചോറിനെ വഹിച്ചു കൊണ്ടുള്ള വിലാപയാത്ര , ക്ഷമിക്കണം കേരള പോലീസിന്റെ യാത്ര പുറപ്പെട്ടു കഴിഞ്ഞു....മുംബായില്‍ നിന്നും പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തിലാണ് യാത്ര ... എയര്‍ ഇന്ത്യ വിമാനത്തില്‍ ആയതു കൊണ്ട് തെണ്ടി ചോറിനു അങ്ങനെ തന്നെ വേണം എന്നാണു ദോഷൈകദൃക്കുകള്‍ പറയുന്നത്....ഏകദേശം പത്തു മണിയോടെ തിരുവനന്തപുരത്തു എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു....തംബുരു ''

''തെണ്ടി ചോറിനെ വിലങ്ങണിയിച്ചിട്ടുണ്ടോ , മുഖം മൂടി ധരിപ്പിച്ചിട്ടുണ്ടോ അങ്ങനെ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടോ? ....കിട്ടന്‍''

''തംബുരു, അതിനെ കുറിച്ച് വിശദ വിവരങ്ങള്‍ അറിവായിട്ടില്ല...കാരണം മുംബായിലെ നമ്മുടെ റിപ്പോര്‍ട്ടര്‍ ആ നേരത്ത് മൂത്രമൊഴിക്കാന്‍ പോയത് കാരണം ആ കാര്യങ്ങള്‍ അറിവായിട്ടില്ല....തംബുരു ''

''വിമാനം ഇപ്പൊ എവിടെ എത്തി കാണും...കിട്ടന്‍''

തംബുരു, വിമാനം ഇപ്പൊ മംഗലാപുരത്തിനടുത്തുള്ള ഒരു റെയില്‍വെ കോളനിക്ക് മുകളിലൂടെ പറക്കുന്നതായാണ് ഇപ്പോള്‍ കിട്ടുന്ന വിവരം..കോളനിയിലെ പെയിന്റടിക്കാരന്‍ രാജപ്പന്‍ ആണ് ഈ വിവരം നമ്മളെ അറിയിക്കുന്നത് ..തംബുരു ''

''കിട്ടന്‍, ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്ന വിമാനം തെണ്ടി ചോര്‍ മോഷ്ടിക്കാനുള്ള സാധ്യത വല്ലതും ഉണ്ടോ?''

''അങ്ങനെ ഒരു സാധ്യത ഇല്ലാതില്ല.....പോലീസ് തെണ്ടിയോടു ഇതിനെ കുറിച്ച് ചോദിച്ചതായി അറിയുന്നു.....എയര്‍ ഇന്ത്യ ആയതു കൊണ്ട് തെണ്ടി ചോറിനു അത്രയ്ക്ക് താല്‍പര്യമില്ലെന്നാണ്‌ കമ്മീഷണര്‍ നമ്മളോട് പറഞ്ഞതെന്ന് മുംബൈ റിപ്പോര്ടര്‍ അറിയിക്കുന്നു.....''

''കിട്ടനിലേക്ക് മടങ്ങി വരാം.....ഇപ്പോള്‍ തെണ്ടി ചോരിനെയും വഹിച്ചു കൊണ്ട് വരുന്ന പ്രത്യേക വിമാനത്തിന്റെ അകത്തു നിന്നും ഉള്ള ദൃശ്യങ്ങള്‍ ലഭ്യമായിരിക്കുന്നു.....ഉറക്കം തൂങ്ങുന്ന രണ്ടു പോലീസുകാര്‍ക്കിടയില്‍ തെണ്ടി ചോര്‍ അതി മനോഹരമായി പുഞ്ചിരിക്കുന്ന ദൃശ്യം ഇപ്പോള്‍ നമുക്ക് കാണാം ....അദ്ദേഹം എന്തോ ആലോചനയില്‍ ആണ്....അന്ന് മോഷണതിനിടെ ക്യാമറയില്‍ പതിഞ്ഞ പോലെ തന്നെയാണ് അദ്ധേഹത്തിന്റെ മുഖം ഇപ്പോഴും.... അതി സുന്ദരനായ അദ്ദേഹം ഇന്നലെയാണ് പൂനെ അറസ്റ്റിലായത്....ഇപ്പോള്‍ അദ്ദേഹം എയര്‍ ഹോസ്ടസിന്റെ കയ്യില്‍ നിന്നും എന്തോ വാങ്ങിക്കുടിക്കുകയാണ്..... അവരോടു സൌഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം എന്തോ കണ്ണിറുക്കി കാണിച്ചു..... അത് കണ്ട എയര്‍ ഹോസ്റാസ് നാണിച്ചു തല കുനിച്ചു മന്ദം മന്ദം നീങ്ങുന്നു....''

''കിട്ടന്‍ , വിമാനം ഇപ്പോള്‍ എവിടെയെത്തി? ''

''തംബുരു , വിമാനത്തിനകത്തെ ദൃശ്യങ്ങള്‍ കാണിച്ചു കൊണ്ടിരുന്നപ്പോള്‍ വിമാനം തൃശൂര്‍ ജില്ലയില്‍ കൂടി കടന്നു പോകുകയായിരുന്നു..ചാലക്കുടി ബീവറെജിനു മുന്നില്‍ ക്യൂ നിന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ നമ്മളെ വിളിച്ചു അറിയിച്ചതാണ് ഈ കാര്യം......ഇപ്പോള്‍ കോട്ടയം ജില്ലയിലൂടെയാണ് വിമാനം പറക്കുന്നത് എന്ന് പ്രതീക്ഷിക്കുന്നു.....തംബുരു ''

''കിട്ടന്‍ , ഇവിടെ എത്തിയാല്‍ എങ്ങോട്ടാണ് തെണ്ടി ചോറിനെ കൊണ്ട് പോവുക?''

''തംബുരു , കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്ടഡിയില്‍ വാങ്ങും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട് ...അതിനു ശേഷം കോട്ടക്കല്‍ ആര്യവൈദ്യ ശാലയുടെ തിരുവനന്തപുരത്തെ ശാഘയിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ രണ്ടു ദിവസം ചികിത്സയുണ്ട്...അത് കഴിഞ്ഞാല്‍ മോഷണം നടത്തിയ വീട്ടിലേക്കു കൊണ്ട് പോകും....അന്നത്തെ മോഷണത്തിനിടക്ക് ഗൃഹനാഥനെ കണ്ടു പരിചയപ്പെടാന്‍ കഴിഞ്ഞില്ലെന്നും അതിനു അവസരമൊരുക്കണം എന്നുമുള്ള ചോറിന്റെ അപേക്ഷയെ മുന്‍ നിര്‍ത്തിയാണിത് ...തംബുരു ''

''ശരി.... വിമാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? ''

തംബുരു, ഇത് മുപ്പത്തി മൂന്നു വര്ഷം മുമ്പ് അതായത് ആയിരത്തി തൊള്ളായിരത്തി എണ്പതില്‍ ആണ് എയര്‍ ഇന്ത്യ ഇത് വാങ്ങിയത്.... വിമാനം നല്ല കണ്ടീഷനില്‍ തന്നെ ആണെന്നാണ്‌ പറയപ്പെടുന്നത്‌ ...
ഇതാ വിമാനം എത്തിയിരിക്കുന്നു...ഇനി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ കാത്തിരുന്ന കാഴ്ച കാണാവുന്നതാണ്...റിപ്പോര്‍ട്ടിംഗ് കഴിഞ്ഞാല്‍ എല്ലാ ചാനലിലെയും റിപ്പോര്‍ട്ടര്‍മാര്‍ക്കുമായുള്ള ഓക്സിജന്‍ മാസ്ക് തുടങ്ങിയുള്ള ശ്വസന സംവിധാന കേന്ദ്രങ്ങള്‍ എയര്‍പ്പോര്‍ട്ടില്‍ തയ്യാറാക്കി കഴിഞ്ഞു....'' ( അയാളുടെ ശബ്ദ ഉച്ചത്തിലാവുകയും ശ്വാസം പോലും എടുക്കാന്‍ കഴിയാത്ത വിധം വേഗത്തില്‍ മൈക്കിലൂടെ തെണ്ടി ചോറിന്റെ വിവരങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു )

ഗള്‍ഫില്‍ നിന്നും മുംബയ് വഴി ഇതേ വിമാനത്തില്‍ ഇറങ്ങിയ ഒരു പ്രവാസി ഭാര്യയോടു ഫോണില്‍ : ''എടീ വിമാനം വഴി തെറ്റി ആലപ്പുഴ പുന്നമടക്കായലിന്റെ പരിസരത്ത് വള്ളം കളി ഉള്ളിടത്താണ് ആണ് ഇറക്കിയിരിക്കുന്നതെന്ന് തോന്നുന്നു.....എനിക്ക് ചുറ്റും നിര്‍ത്താതെ വള്ളംകളിയുടെ കമന്ററി കേള്‍ക്കുന്നുണ്ട്.....''

''ചേട്ടാ...അത് കമന്ടറിയല്ല ... തെണ്ടി ചോറിനെ കൊണ്ട് വന്നതാ..... ചേട്ടനെ ഞാന്‍ ടി വി യില്‍ കാണുന്നുണ്ട്.... അങ്ങോട്ട്‌ മാറി നിന്നെ മനുഷ്യാ ഞാന്‍ ആ തെണ്ടിയെ ഒന്ന് കണ്ടോട്ടെ.....''

ഇതേ സമയം എല്ലാ ചാനലുകളും ഒരേ ബ്രെയ്കിംഗ് ന്യൂസ് കാണിക്കുന്നു

'' തെണ്ടി ചോറിനെ പിടികൂടി കൊണ്ട് വന്ന വാര്‍ത്തകള്‍ മുഴുവന്‍ നിങ്ങളിലേക്ക് ആദ്യം എത്തിച്ചത് ഞങ്ങളുടെ ചാനല്‍ ആണ്....''

ഇനി ഒരു ഇടവേള.....ഇടവേളയ്ക്കു ശേഷം തെണ്ടി ചോര്‍ ആര്, യെന്ത്, യെപ്പോ, യെങ്ങനെ, എന്തൂട്ട് .... ചര്‍ച്ച .....കാത്തിരിക്കുക

( ഇന്ന് രാവിലത്തെ വാര്‍ത്താ ചാനലുകളുടെ തിടുക്കം കണ്ടപ്പോള്‍ ഒബാമയോ മറ്റോ ആണ് വരുന്നതെന്നാണ് വിചാരിച്ചത്....പക്ഷെ അതൊരു കള്ളനെ കൊണ്ട് വന്നതായിരുന്നു ....ഒരു കുഞ്ഞു കേരളത്തിന്‌ താങ്ങാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ വാര്‍ത്താ ചാനലുകള്‍... അവരുടെ കിടമത്സരവും റേറ്റിങ്ങിനു വേണ്ടി എന്തും കാട്ടികൂട്ടുന്നത് കണ്ടു സഹി കേട്ട ഒരു പാവം മലയാളി ...സുജിത്ത് )