Pages

Friday, May 31, 2013

ഇന്നുമെന്റെ കണ്ണുനീരില്‍

മനുഷ്യന് ദൈവം തന്ന ഒരുപാട് അനുഗ്രഹങ്ങളിലും ശാപങ്ങളിലും വച്ച് ഏറ്റവും വൈകാരികമായ ഒന്നാണ് '' ഓര്‍മ്മ''. അത് നമുക്ക് നല്‍കുന്ന പലതരം മാനസികാവസ്ഥ അനുഭവിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. നല്ല വരികളും സംഗീതവും പല ഓര്‍മ്മകളെയും നമ്മുടെ മനസ്സിനെ മഥിക്കാന്‍ പോന്നതാണ്.

അത്തരം ഒരു ഓര്‍മ്മ പ്രദാനം ചെയ്യുന്ന ഒരു ഗാനമാണിത്. മറക്കാന്‍' പറ്റാത്ത ''ഓര്‍മ്മ'' എന്ന വികാരം കണ്ണുനീരാണ് തരുന്നതെങ്കില്‍ അത് എത്ര മാത്രം ദുഃഖസാന്ദ്രമായിരിക്കും ? ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ പുഞ്ചിരിച്ചു.......ഈ വരികള്‍ മാത്രം നോക്കൂ......പ്രിയപ്പെട്ടവരെ പിരിയാത്ത ആരെങ്കിലുമുണ്ടോ? അത് അച്ഛനായാലും അമ്മയായാലും മക്കളായാലും സഹോദരങ്ങളായാലും സുഹൃത്തായാലും പ്രണയിനി ആയാലും വിരഹത്തിന്റെ വേദന നമുക്ക് തരുന്നത് പ്രിയപ്പെട്ടവരുടെ നല്ല ഓര്‍മ്മകള്‍ തന്നെയാണ്.......

ഒരു പക്ഷെ ഗാനത്തിന്റെ സംഗീതത്തിലും ആലാപനത്തിലും നമ്മള്‍ പെട്ടെന്ന് മുങ്ങിപ്പോകാറുണ്ടെങ്കിലും, ആദ്യമേ തന്നെ വരികളിലേക്ക് നമ്മുടെ മനസ്സിനെ കൊണ്ടെത്തിക്കുന്ന ചില പാട്ടുകളില്‍ ഒന്നായി ഇതിനെ തോന്നാറുണ്ട്.

നഷ്ടപ്രണയത്തിന്റെ വേദന വീര്‍പ്പുമുട്ടിക്കുന്ന ഒരാളുടെ മനസ്സില്‍ ഒരു സമുദ്രക്ഷോഭം തന്നെ സൃഷ്ടിക്കുന്ന വരികളും അതിനു നിലാവ് പോലെ പെയ്തിറങ്ങുന്ന ഈണവും അതിലുപരി മാന്ത്രികമായ ആലാപനവും ദുഖാര്‍ദ്രമായ ഒരു ഏകാന്തത സമ്മാനിക്കാറുള്ളതു പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്. യുവജനോത്സവത്തിലെ ഈ ഗാനത്തിന്റെ പുറകിലുള്ളത്‌ മൂന്നു ജീനിയസ്സുകള്‍ തന്നെ. ശ്രീകുമാരന്‍ തമ്പി , രവീന്ദ്രന്‍ മാഷ്‌ , പിന്നെ സാക്ഷാല്‍ ഗന്ധര്‍വനും. അവര്‍ മൂന്നു പേരുടെയും സമ്മാനം ''സംതിംഗ് സ്പെഷ്യല്‍' ആകാതെ പറ്റില്ലല്ലോ. ബാഗേശ്രീ രാഗത്തിന്റെ ഫീല്‍ ആണോ, വരികളാണോ, സംഗീതമാണോ, അതോ ആലാപനമാണോ ഈ ഗാനം ഇത്രക്കും ''ഹോണ്ടിംഗ്' ആക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

ഈ ഗാനം കേള്‍ക്കുമ്പോള്‍ പലപ്പോഴും ഓര്‍മ്മ കൊണ്ട് ചെന്നെത്തിക്കുന്നത് മാഷിന്റെ പുഞ്ചിരിക്കുന്ന ആ മുഖത്തിലെക്കാണ് .... ആ ഓര്‍മ്മകള്‍ എപ്പോഴും കണ്ണുനീര് സമ്മാനിക്കാറുണ്ട്. ആ നഷ്ടം എത്ര വലുതാണെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ ഇത് പോലെ എത്ര ഗാനങ്ങള്‍........ ഈ ഗാനം കേട്ട് ഒരിക്കലെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍, നമ്മെ അസ്വസ്തതരാക്കിയിട്ടുണ്ടെങ്കില്‍, ഒരിക്കലെങ്കിലും കരഞ്ഞിട്ടുണ്ടെങ്കില്‍ ഓര്‍ക്കുക, അത് ഓര്‍മ്മ എന്ന അനുഗ്രഹമോ ശാപമോ നമുക്ക് തരുന്ന അവസ്ഥയാണ്.... ഇറ്റു വീഴുന്ന ഒരു തുള്ളി കണ്ണീര്‍, മനസ്സിലെ പേമാരിയാണ് ...വരികളിലൂടെയും സംഗീതത്തിലൂടെയും ആലാപനത്തിലൂടെയും നമുക്കത് സംവേദനക്ഷമമാക്കിയ ഈ കൂട്ടുകെട്ടിന് നന്ദി..............

ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍
ഇന്ദ്രധനുസ്സെന്ന പോലെ..

സ്വര്‍ണ്ണമല്ലി നൃത്തമാടും
നാളെയുമീ പൂവനത്തില്‍..
തെന്നല്‍ കൈ ചേര്‍ത്തു വയ്ക്കും
പൂക്കൂന പൊന്‍പണം പോല്‍..
നിന്‍ പ്രണയ പൂ കനിഞ്ഞ
പൂമ്പൊടികള്‍ ചിറകിലേന്തി..
എന്റെ ഗാന പൂത്തുമ്പികള്‍
നിന്നധരം തേടി വരും...

ഈ വഴിയില്‍ ഇഴകള്‍ നെയ്യും
സാന്ധ്യനിലാശോഭകളില്‍..
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍
തേന്‍പാളിയുയര്‍ത്തിടുമ്പോള്‍..
നീയരികിലില്ലയെങ്കിലെന്തു
നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും
കാറ്റെന്നെ തഴുകുമല്ലോ..

Monday, May 27, 2013

ഓ.എൻ.വി സാറിന്റെ ജന്മദിനം


മലയാളത്തിന്റെ പ്രിയ കവി
ഓ.എൻ.വി സാറിന്റെ ജന്മദിനമാണിന്ന് ... മലയാള സാഹിത്യത്തിന് നൽകിയ കരുത്തുറ്റ സംഭാവനകൾക്കൊപ്പം മലയാള ചലച്ചിത്ര ഗാനരംഗത്തും ഒരു സവിശേഷ സ്ഥാനം അദ്ദേഹത്തിനുണ്ട് ..... ആയിരത്തോളം ഗാനങ്ങൾ ആ തൂലികയിൽ നിന്നും പിറന്നു ..... ലളിതസംഗീതത്തിലും ഏതാണ്ട് ആയിരത്തോളം ഗാനങ്ങൾ വേറെ .... രചനാഗുണം കൊണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം .....

രവീന്ദ്രൻ മാസ്റ്ററുമായി മാത്രം ചേർന്ന് അറുപതിൽ പരം ഗാനങ്ങൾ ചെയ്തിട്ടുണ്ട് ... എല്ലാം ശ്രദ്ധേയം ..... സുഖമോ ദേവി , ലാൽസലാം , സൂര്യഗായത്രി , രാജശിൽപി , ആകാശക്കോട്ടയിലെ സുൽത്താൻ , എന്റെ ഹൃദയത്തിന്റെ ഉടമ തുടങ്ങിയവ അതിൽ ചിലതാണ്

ജ്ഞാനപീഠം , പദ്മവിഭൂഷണ്‍, വയലാർ അവാർഡ് , എഴുത്തച്ചൻ അവാർഡ് , കേന്ദ്ര - കേരള സാഹിത്യ അക്കാദമി അവാർഡുകൾ , പത്തിലേറെ തവണ മികച്ച ഗാനരചയിതാവിനുള്ള കേരള സർക്കാർ പുരസ്കാരം , മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം തുടങ്ങി എണ്ണമറ്റ പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി ....

മലയാളത്തിന്റെ പുണ്യമായ ഈ കവിക്ക്‌ രവീന്ദ്ര സംഗീതത്തിന്റെ ഒരായിരം ജന്മദിനാശംസകൾ ...

Saturday, May 25, 2013

ആതിരത്തിരുമുറ്റത്തമ്പിളിപ്പൂ വിടര്‍ന്നു....

ഏറ്റവും ലാളിത്യമാര്‍ന്ന ഗാനങ്ങളില്‍ ഒന്ന്....കയ്യും തലയും പുറത്തിടരുത് എന്ന ചിത്രത്തിന് വേണ്ടി രവീന്ദ്രൻ മാസ്റ്റർ ഈണം പകർന്നിരിക്കുന്നു .....തിരുവാതിരയുടെ പുണ്യം തുളുമ്പുന്ന മുല്ലനേഴി മാഷുടെ വരികള്‍ക്ക് , പ്രധാനമായും തബലയും ഹാര്‍മോണിയവും വച്ച് മാഷ്‌ ഒരുക്കിയ ഒരു പാതിരാ പൂവിന്റെ സുഗന്ധവും നൈര്‍മല്ല്യവും ഉള്ള കേള്‍ക്കാന്‍ സുഖമുള്ള ഗാനം................ആളും ആരവങ്ങളും കൊട്ടും മേളവും ഒന്നും തന്നെ ഇല്ലാതെ നമ്മെ പിടിച്ചിരുത്തുന്ന സംഗീതം..........ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് ചോദിക്കുകയാണെങ്കില്‍ ഒരു മറുപടിയേ ഉള്ളൂ.......ലാളിത്യം !!

മാഷിനു വളരെയധികം ഇഷ്ടമുണ്ടായിരുന്ന ഒരു രാഗമാണ് നാട്ട ...മാഷിന്റെതടക്കം ഒരുപാട് സിനിമാ ഗാനങ്ങളും ഇതില്‍ വന്നിട്ടുണ്ട് ..........ജഗദാനന്ദ കാരകാ, സ്വാമിനാഥ പരിപാലയാ, മഹാ ഗണപതീം.....തുടങ്ങിയ കീര്‍ത്തനങ്ങളിലൂടെ പോയി കുറെ സിനിമാ ഗാനങ്ങളും കടന്നു ഈ ഗാനത്തില്‍ എത്തുമ്പോഴാണ് ഇതിന്റെ ലളിതമായ അവസ്ഥ അറിയുന്നത്...... ഇതിലെ ഹാര്‍മോണിയം കേട്ടു മതി വരാത്ത പോലെയാണ്..............

പെട്ടെന്നൊരു അതിഥി വന്നു കയറുമ്പോള്‍ വീട്ടുകാര്‍ അപ്പോള്‍ ഉള്ള കുറച്ചു സാധങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ഒരു നല്ല സദ്യ ഒരുക്കാറില്ലേ..........അത് പോലെ തോന്നും ഈ ഗാനം കേള്‍ക്കുമ്പോള്‍...........ഒരു പാട്ടൊക്കെ ഉണ്ടാക്കാന്‍ ഇതൊക്കെ മതി എന്ന ഭാവമായിരുന്നിരിക്കും മാഷിന് .....ഏതാനും ചില ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് മനോഹരമാക്കിയ ഗാനം ....ഒരിക്കല്‍ ബിച്ചു തിരുമല പറഞ്ഞിട്ടുണ്ട്............''ഒരു മൃദംഗവും വയലിനും മാത്രം വച്ച് പാട്ടുണ്ടാക്കാന്‍ രവിക്കെ കഴിയൂ .........അത് ഹിറ്റും ആയിരിക്കും........''എന്ന്

ഗാനത്തിന്റെ ട്യൂണ്‍ പോലെ തന്നെ വളരെ മനോഹരവുമായി തന്നെ ദാസേട്ടനും ചിത്ര ചേച്ചിയും ഈ ഗാനം ആലപിച്ചിരിക്കുന്നു...........അതെ ആ മാജിക് ഫീല്‍ ആസ്വദിക്കൂ..............

ആതിരത്തിരുമുറ്റത്തമ്പിളിപ്പൂ വിടര്‍ന്നു
ആലോലമാടിപ്പാടാന്‍ അംഗനമാരണഞ്ഞൂ
ആരോമലാളേ ഒരുങ്ങൂ.....
ആതിരത്തിരുമുറ്റത്തമ്പിളിപ്പൂ വിടര്‍ന്നൂ
ആലോലമാടിപ്പാടാന്‍ അംഗനമാരണഞ്ഞൂ
പാതിരാപ്പൂ ചൂടുന്നൂ.....


രാവില്‍ ഹൃദയം നിറയെ പുളകം വിരിയുമീ
ആനന്ദം പകരും യാമം, താരങ്ങള്‍ വിടരും യാമം
പൂമിഴികള്‍ തിരുനോമ്പിന്റെ പുണ്യത്തിനു കാക്കും യാമം
ആതിരത്തിരുമുറ്റത്തമ്പിളിപ്പൂ വിടര്‍ന്നൂ
ആലോലം ആടിപ്പാടാന്‍ അംഗനമാരണഞ്ഞൂ
ആരോമലാളേ ഒരുങ്ങൂ... പാതിരാപ്പൂ ചൂടുന്നൂ...


മാരന്‍ ചൊടിയിലണിയും മലരു പകരുമീ
പൂങ്കാറ്റിന്‍ ഊഞ്ഞാലാടി, തേന്‍കിനിയും ഗാനം പാടി
പൂന്തളിരിന്‍ പുടവയുമായി അരികില്‍ വാ വാനമ്പാടീ

Wednesday, May 22, 2013

മുടിപ്പൂക്കള്‍ വാടിയാലെന്തോമനെ

മുടിപ്പൂക്കള്‍ വാടിയാലെന്തോമനെ ..നിന്‍റെ
ചിരി പൂക്കള്‍ വാടരുതെന്നോമനെ ..!
മുഖമൊട്ടു തളര്‍ന്നാലെന്തോമനെ ...നിന്‍റെ
മനം മാത്രം വാടരുതെന്നോമനെ ...!


കങ്കണമുടഞ്ഞാലെന്തോമനെ ...നിന്‍റെ
കൊഞ്ചലിന്‍ വളകിലുക്കം പോരുമേ ...!
കുണുങ്ങുന്ന കൊലുസ്സെന്തിന്നോമനെ ... നിന്‍റെ
പരിഭവ കിണുക്കങ്ങള്‍ പോരുമേ ...!


കനകത്തിന്‍ ഭാരമെന്തിന്നോമനെ ...എന്‍റെ
പ്രണയം നിന്‍ ആഭരണം അല്ലയോ ..!
നിലയ്ക്കാത്ത ധനമെന്തിനോമനെ ...നിന്‍റെ
മടിയില്‍ എന്‍ കണ്‍മണികളില്ലയോ ...!

ഒരു കാമുകന് ഇതിലും ലളിതമായി തന്റെ കാമുകിയെ വിളിക്കാന്‍ കഴിയുമോ?
പൂക്കള്‍, സ്വര്‍ണം, ധനം ഇവയൊക്കെ എന്നും മനുഷ്യന്‍ ഇഷ്ടപ്പെടുന്നതും
മോഹിക്കുന്നതും വള, കൊലുസ്സ്‌ എന്നിവ ധരിച്ചു കാണാന്‍
ആഗ്രഹിക്കുന്നതുമാണ്...ആ മോഹങ്ങളേക്കാളും അയാള്‍ക്ക്‌ വലുതാണ്‌ അവള്‍
...ഇതില്‍പരം ഒരു ധനം ആ പെണ്ണിന് കിട്ടാനുണ്ടോ? ഇതിലും നല്ല ഒരു കാമുകനെ
അവള്‍ക്കു കിട്ടാനുണ്ടോ?

ഓര്‍ക്കാന്‍ എന്ത് സുഖമുള്ള വരികള്‍...കാലത്തെ തോല്‍പ്പിക്കും, പ്രണയവും
സത്യവും..എക്കാലത്തും ഓര്‍ക്കപ്പെടേണ്ട വരികള്‍...
മോഹനം എന്ന രാഗം ഏവരേയും മോഹിപ്പിക്കും..അതിനുള്ള അനേകായിരം
ഉദാഹരണങ്ങളില്‍ ഒന്ന് ആണിത്...രവീന്ദ്രന്‍ മാസ്റ്റർ ഓരോ ഗാനത്തിനും
നൽകുന്ന മാന്ത്രികഭാവം ഉണ്ടല്ലോ ..അത് ഈ പാട്ടിനും ഒരു സവിശേഷ ചാരുത
നല്‍കുന്നു...

തെളിഞ്ഞ ഒരു ശുഭ സായാഹ്നത്തിലെ ഇളം ചുവപ്പ് കലര്‍ന്ന സ്വര്‍ണ്ണ നിറമുള്ള
ആകാശത്തിന് ചോട്ടില്‍ വാകപ്പൂ ചോരുന്ന മരത്തിനു താഴെ കായലോളങ്ങള്‍
തഴുകുന്ന തീരത്തിന് തൊട്ടടുത്തായി കാമുകിയെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന
രംഗം നമുക്ക് തരുന്ന രവീന്ദ്രൻ മാഷിനും ശ്രീകുമാരൻ തമ്പി സാറിനും പ്രണയ
സ്വരം ഇറ്റു വീഴിക്കുന്ന ഗന്ധര്‍വനും നന്ദി ..ഇത്രയും സുഖവും നൊമ്പരവും
സമ്മേളിക്കുന്ന ഈ പാട്ടിനോട് മലയാളിക്ക് എന്നും
പ്രണയമാണ്...മറക്കില്ലൊരിക്കലും...

Sunday, May 12, 2013

അമ്മ.. പകരം വക്കാനാകാത്ത ഒരു വാക്ക് ..

അമ്മ..

പകരം വക്കാനാകാത്ത ഒരു വാക്ക് .... അമ്മക്ക് തുല്യം അമ്മ മാത്രം ..... സ്നേഹം എന്ന വാക്കിന് അമ്മ എന്നർത്ഥം നൽകിയാൽ പോലും അതിൽ തെറ്റില്ല ...... നൊന്ത് പ്രസവിച്ച് നെഞ്ചിലെ സ്നേഹം മുഴുവനും പാലൂട്ടി, കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച് വളർത്തി വലുതാക്കുന്ന അമ്മ ....

സകല മതങ്ങളിലും ദൈവസ്ഥാനം കൽപ്പിക്കപ്പെട്ടിട്ടുള്ള അമ്മ ....

വളർന്ന് ഒന്ന് കാലുറപ്പിക്കുമ്പോൾ തുടങ്ങും അമ്മയോടുള്ള ചെറുതും വലുതുമായുള്ള വഴക്കുകൾ ... അത് ചെയ്തു തന്നില്ല , ഇത് ചെയ്തു തന്നില്ല , വസ്ത്രത്തിൽ ചുളിവു വീണു , കറിയിൽ ഉപ്പു പോര എന്ന് തുടങ്ങുന്ന ചെറിയ വഴക്കുകൾ.... അങ്ങനെ തുടങ്ങി ഇന്ന് സ്വത്തിനും നോക്കാനുള്ള ബുദ്ധിമുട്ടുകളും എല്ലാം ഓർത്ത് വൃദ്ധസദനത്തിലേക്കെത്തിക്കുന്ന മക്കളുടെ ചെയ്തികൾ ... ഇതെല്ലാം അനുഭവിച്ചാലും ദുഃഖം അൽപം കണ്ണീരിൽ ചാലിച്ച് അലിയിച്ചു കളഞ്ഞു മക്കളുടെ ആഗ്രഹത്തിന് സ്വയം നിന്ന് കൊടുക്കുന്ന അമ്മ .... ഇന്ന് പല അമ്മമാരുടെയും സ്ഥിതി ഇതാണ് .... അച്ഛന്മാരുടെ സ്ഥിതി ഇതാണ് .... അമ്മ ക്രൂരയാകുന്ന സന്ദർഭങ്ങളോ വളരെ വളരെ കുറവും .....

മാതൃസ്നേഹത്തോളം വരില്ല മറ്റൊന്നും എന്ന് പറയുന്നത് എത്ര ശരിയാണ് .... അമ്മമാരെ ഓർക്കാൻ , ആ സ്നേഹത്തെ അറിയാൻ നമുക്ക് ഒരു ദിനത്തിന്റെ ആവശ്യമില്ല .... എങ്കിലും പല ദിനങ്ങളെ പോലെ ഇതാ ഒരു മാതൃദിനവും ....

ഒരമ്മയുടെ സ്നേഹം മുഴുവൻ ആവാഹിച്ച ഒരു ഗാനമിതാ ... മലയാളത്തിന്റെ പ്രിയകവി ഓ എൻ വി സാറും മാന്ത്രിക സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്ററും അമ്മ എന്ന് തന്നെ പേരിനൊപ്പം ചേർത്ത് നമ്മൾ വിളിക്കുന്ന പ്രിയ ജാനകിയമ്മയും ചേർന്ന് നമുക്ക് നൽകിയ ഗാനം .... കാനഡ എന്ന രാഗം ഈ ഗാനത്തിന് ഒരു പ്രത്യേക ഭാവം കൊണ്ട് വന്നിരിക്കുന്നു ....

എല്ലാ അമ്മമാർക്കും രവീന്ദ്ര സംഗീതത്തിന്റെ പ്രണാമം .... ഒരമ്മയേയും വേദനിപ്പിക്കാതിരിക്കാൻ നമുക്ക് കഴിയട്ടെ ....