ചമ്പക്കുളം തച്ചൻ എന്ന ചിത്രത്തിന് വേണ്ടി ബിച്ചു തിരുമല എഴുതി ആഭേരി എന്ന
മനോഹര രാഗത്തിൽ രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകിയ മറക്കാനാകാത്ത ഗാനം...
മകളെ കൊഞ്ചിച്ചു കൊതി തീരുന്നതിനു മുമ്പ് അവളെ പിരിയേണ്ടി വന്ന ഒരു
അച്ഛന്റെ ദുഃഖം ഈ പാട്ടിലൂടെ വരച്ചു കാണിക്കുന്നു... വളരെ ശ്രദ്ധേയമായ
വരികൾ.... ഹൃദയത്തിനെ നൊമ്പരപ്പെടുത്തുന്ന സംഗീതം... ദാസേട്ടൻ 'മകളേ' എന്ന്
വിളിക്കുമ്പോൾ തന്നെ ആ പിതാവിന്റെ സങ്കടങ്ങൾ മുഴുവൻ ആവാഹിച്ച പോലെ
തോന്നും... രവീന്ദ്രൻ മാസ്റ്ററുടെ ഈണങ്ങൾക്ക് ദാസേട്ടനല്ലാതെ ആ ഫീൽ വേറെ
ആര് കൊണ്ട് വരാൻ ?
ഈ പിതൃദിനത്തിൽ ( ഫാദേഴ്സ് ഡേ ) ഈ ഗാനം രവീന്ദ്ര സംഗീതം എല്ലാ അച്ഛന്മാർക്കുമായി സമർപ്പിക്കുന്നു..
മകളേ ... പാതിമലരേ നീ മനസ്സിലെന്നെ അറിയുന്നോ ... കനവും പോയ ദിനവും നിൻ ചിരിയിൽ വീണ്ടുമുണരുന്നോ ഈ കൊതുമ്പു കളിയോടം കാണാത്ത തീരമണയുന്നോ..
കുഞ്ഞുതാരമായ് ദൂരെ വന്നു നീ മിന്നി നിന്നിരുന്നോമനെ... അന്നുറങ്ങാത്ത രാത്രിയിൽ നിൻ ഓർമ്മതൻ നോവറിഞ്ഞു ഞാൻ തഴുകി വീണ്ടുമൊരു തളിരുപാൽനിലാ - വൊളി നുറുങ്ങുപോൽ എന്നെ നീ അലസമൃദുലമഴകേ
ഈ ഗാനത്തെ സ്നേഹിക്കാത്തവർ ഉണ്ടാകില്ല... മഴ പോലെ , മയിൽപീലി പോലെ , പൂവുകൾ പോലെ , പ്രണയം പോലെ .....
മാധവിക്കുട്ടി എന്ന വിശ്വസാഹിത്യകാരി എഴുതിയ ''നഷ്ടപ്പെട്ട നീലാംബരി'' എന്ന കഥയെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ
സംവിധാനം ചെയ്ത മഴ എന്ന ചിത്രത്തിന് വേണ്ടി യൂസഫലി കേച്ചേരി എഴുതി
രവീന്ദ്രൻ മാസ്റ്റർ, മനോഹരമായ 'ജോഗ്' എന്ന ഹിന്ദുസ്ഥാനി രാഗത്തിൽ
ചിട്ടപ്പെടുത്തിയ മഴവില്ലിന്റെ ചാരുതയുള്ള ഗാനം... ആരും മറക്കാത്ത ഗാനം...
ഒരു വിശേഷണങ്ങളും ആവശ്യമില്ലാത്ത ഗാനം...ഈ ചിത്രത്തിലെ
ഗാനങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ച യൂസഫലി സാറിന്റെ രചനയെ കുറിച്ച്
പറയേണ്ടതില്ലല്ലോ ... രവീന്ദ്രൻ മാസ്റ്റർക്ക് അവാർഡ് ലഭിക്കാത്തതിൽ അന്ന്
സംഗീത രംഗത്തുള്ള പലരും നിരാശ മറച്ചു വച്ചില്ല ... രവീന്ദ്രൻ മാസ്റ്ററുടെ
ആലാപിലൂടെ തുടങ്ങുന്ന ഈ പാട്ട് ചിത്ര എന്ന അത്ഭുതഗായികയിലൂടെ സഞ്ചരിച്ച്
അവസാനിക്കുമ്പോൾ മനസ്സിലും ഒരു മഴ പെയ്ത അനുഭവം തരുന്നു...വാർമുകിൽ
കാണുമ്പോൾ ഉള്ളിന്റെ ഉള്ളിലെ ശ്യാമവർണ്ണനായ കണ്ണനെ തേടുന്ന രാധയെ
ഓർമ്മിപ്പിക്കുന്ന നായിക... ആ വിരഹം ഉള്ളിലൊളിപ്പിക്കുന്ന ഭാവം മുഴുവൻ
ആലാപനത്തിലൂടെ ചിത്ര നമുക്ക് തരുന്നു...
രവീന്ദ്രൻ മാസ്റ്ററുടെ
ചെന്നൈയിലെ വീട്ടിലെ ഒരു താൽക്കാലിക റെക്കോർഡിംഗ് റൂമിൽ വച്ച് മാസ്റ്ററുടെ
മകനായ രാജൻ മാധവ് ആണ് ഇത് റെക്കോർഡ് ചെയ്തത്...ഈ ഗാനത്തിന് താനുദ്ദേശിച്ച
ഭാവം എത്രയോ ഇരട്ടിയായി തിരിച്ചു തന്ന ചിത്രയുടെ ആലാപനത്തിൽ മാസ്റ്റർ അതീവ
സന്തുഷ്ടനായി.. ചിത്ര ചേച്ചിയെ മകളെപ്പോലെ സ്നേഹിച്ചിരുന്ന മാസ്റ്റർ ഉടൻ
തന്നെ ഈ ഗാനത്തിന്റെ രചയിതാവായ യൂസഫലി സാറിനെ വിളിച്ചു ഫോണിലൂടെ പാട്ട്
കേൾപ്പിച്ചിട്ട് പറഞ്ഞു '' കേട്ടോ മാഷെ എന്റെ മോള് പാടിയത് '' ... അധികം
ആരെയും നേരിൽ പറഞ്ഞു അഭിനന്ദിക്കുന്ന ശീലമില്ലാത്ത മാസ്റ്റർ തന്നെ
അഭിനന്ദിച്ച ഈ നിമിഷം ചിത്ര ഇപ്പോഴും നനവ് പകരുന്ന കണ്ണുകളോടെ
ഓർക്കുന്നു...
ഇതു പോലൊരു ഗാനം സൃഷ്ടിക്കാൻ ഈ സംഗീത സംവിധായകൻ ഇനി ഉണ്ടാവില്ലല്ലോ എന്ന ദുഖത്തോടെ കൂട്ടുകാർക്ക് ഈ ഗാനം സമർപ്പിക്കുന്നു....
വാർമുകിലേ വാനിൽ നീ വന്നു നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ കളിയാടി നിൽക്കും കദനം നിറയും യമുനാനദിയായ് മിഴിനീർ വഴിയും
പണ്ടു നിന്നെ കണ്ട നാളിൽ പീലിനീർത്തി മാനസം മന്ദഹാസം ചന്ദനമായി... ഹൃദയരമണാ ..... ഇന്നെന്റെ വനിയിൽ കൊഴിഞ്ഞു പുഷ്പങ്ങൾ ജീവന്റെ താളങ്ങൾ ...
അന്നു നീയെൻ മുന്നിൽ വന്നൂ പൂവണിഞ്ഞൂ ജീവിതം തേൻകിനാക്കൾ നന്ദനമായി നളിന നയനാ ... പ്രണയവിരഹം നിറഞ്ഞ വാഴ്വിൽ പോരുമോ നീ വീണ്ടും....
ഈ
ഗാനം ആര്‍ക്കാണ് മറക്കാന്‍ കഴിയുക ? ...ഒരുപാട് സംഗീത മത്സരങ്ങളുടെ
ഫൈനലിന്റെ വിധി ഈ ഗാനത്തിന്റെ ആലാപനത്തോടെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്...
അത്രയേറെ മനസ്സില്‍ തട്ടുന്നതും പാടി ഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ളതും കൊണ്ടും ആണ് പലരും ഇത് തെരഞ്ഞെടുക്കുന്നത്..
ശുഭപന്തുവരാളി എന്ന രാഗത്തിന്റെ സകല ചാരുതയും ഒത്തു ചേര്‍ന്ന ഈ ഗാനത്തിന്
ഗാനഗന്ധര്‍വന്റെ ആലാപനം പൂര്‍ണ്ണ ജീവനേകി ....കടല്‍ പോലെ ആഴവും പരപ്പും
ശാന്തതയും ഉള്ള ഈ രാഗത്തിന്റെ ഭാവം എല്ലായ്പ്പോഴും ഒരു ദുഃഖ ചായ്‌വ്
നിറഞ്ഞതാണ്... ഈ ഗാനം വളരെ വേഗതയാര്‍ന്നതാണ് ..പക്ഷെ ഭാവത്തിനു ഒരു കുറവും
ഇല്ല...ഗന്ധര്‍വന്റെ ആലാപനം അതിന്റെ ഭാവം കൂട്ടിയിട്ടുണ്ടെങ്കിലെ
ഉള്ളൂ.......സ്വന്തം ജ്യേഷ്ഠൻ മരിച്ചതറിഞ്ഞിട്ടും അത് ആരെയും അറിയിക്കാൻ
സാധിക്കാതെ സഹോദരിയുടെ വിവാഹം നടത്തേണ്ടി വരുകയും അതിനിടിയിലെ
പിരിമുറുക്കങ്ങള്‍ക്കിടയില്‍ എല്ലാം മറന്നു പാടേണ്ടി വരുകയും ചെയ്ത
ഗോപിനാഥൻ എന്ന കഥാപാത്രം വെള്ളിത്തിരയില്‍ കണ്ണീര്‍ വാര്‍ക്കുമ്പോള്‍
ഒന്ന് കണ്ണ് നനയാത്ത മലയാളി ആരാണ് ഉള്ളത്? അത് കൊണ്ട് തന്നെ ഭരതം എന്ന
ചിത്രത്തിലൂടെ ഭരത് അവാർഡ് നേടിയ ലാലേട്ടന്റെ അഭിനയ മികവ് ഈ ഗാനരംഗത്തിനു
കൊഴുപ്പേകി... രവീന്ദ്രൻ മാഷിനു സ്റ്റേറ്റ് അവാർഡും ദേശീയ അവാർഡും (
സ്പെഷ്യൽ ജൂറി ) യേശുദാസിന് നാഷണല്‍ അവാർഡും ഇതിലൂടെ
സ്വന്തമായി...ലോഹിതദാസും സിബി മലയിലും രവീന്ദ്രൻ മാഷും കൈതപ്രം
തിരുമേനിയും യേശുദാസും ലാലേട്ടനും ഒക്കെ ചേർന്നാൽ പിന്നെ വെള്ളം
ചോരുന്നതെങ്ങനെ ?
ഗാനം തുടങ്ങുമ്പോഴുള്ള ആലാപ് എല്ലാവരുടെയും
മനസ്സിൽ ഒരു വിഷാദം നിറക്കുന്നു...പിന്നെ പല്ലവിയിലൂടെ അത് കൂടി
വരുന്നു...ഇതിനിടയിലെ കല്യാണ രംഗം കാണിക്കാൻ ഉപയോഗിച്ചിരിക്കുന്ന
നാഗസ്വരത്തിന്റെ ട്യൂണ്‍ പോലും വിഷാദമാണ് ഉണർത്തുന്നത്...ആദ്യമായാണ് ഒരു
താലികെട്ടിന്റെ മുഹൂർത്തത്തിൽ വിഷാദാത്മകമായ ഈണം
അവതരിപ്പിക്കപ്പെടുന്നത് ...അത് സംഗീത സംവിധായകന്റെ ഒരു മികച്ച പ്രയോഗമായി
കാണാം....അവസാനം ശ്രീരാമനെ വിളിച്ചു ഗന്ധര്‍വന്‍ പാടി
അവസാനിപ്പിക്കുമ്പോള്‍ നമ്മുടെ മനസ്സിലും കാലങ്ങളോളം കാർമേഘം പടർത്തിയ
ദുഃഖം പെയ്തൊഴിഞ്ഞ ഒരു നിര്‍വികാരതയാണ് ...ആശ്വാസമാണ്... ഈ ഗാനം കേള്‍ക്കൂ
....എന്നിട്ട് മനസ്സിന് ഭാരം കൂട്ടാനും കുറയ്ക്കാനും ഉള്ള സംഗീതത്തിന്റെ
മാന്ത്രികത അനുഭവിക്കൂ....
ഗാനഗന്ധര്‍വന്റെ ആലാപില്‍ തുടങ്ങുന്ന ഈ ഗാനം
മലയാളികളുടെ ഇഷ്ട ഗാനങ്ങളില്‍ ഒന്നാണ്...രവീന്ദ്രൻ മാസ്റ്ററുടെ ഏറ്റവും
മികച്ച പത്തു പാട്ടുകളില്‍ ഒന്നാമതായി ജോണ്‍സണ്‍ മാസ്റ്റർ പലപ്പോഴും
പറഞ്ഞിട്ടുള്ള ഗാനം ....എല്ലാ ചേരുവകളും
കൃത്യമായി കലർത്തിയ ഗാനം.....ഒരു പൂ വിരിയുന്ന സുഖമുണ്ട് ഈ
പാട്ടിന്.....മരണത്തിന്റെ കൈകളില്‍ അകപ്പെട്ടു പോയ തന്റെ പ്രിയതമയെ
ഓര്‍ക്കുന്ന നായകന്‍റെ നിരാശയാണ് ഈ ഗാനത്തിലെ സന്ദര്‍ഭം......
മാണ്ട് എന്ന മനോഹര രാഗത്തിലെ ഏറ്റവും മികച്ച ഗാനമായി തന്നെ ഈ ഗാനത്തിനെ
ചൂണ്ടിക്കാണിക്കുന്നു... ഈണവും വരികളും ആലാപനവും ചിത്രീകരണവും എല്ലാം
ഒരുപോലെ മികച്ചതാവുക എന്നത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.
പല്ലവി കഴിഞ്ഞയുടന്‍ വരുന്ന കീ ബോര്‍ഡും ഹാര്‍മോണിയവും അത് കഴിഞ്ഞു
വരുന്ന വയലിനും നമ്മെ എവിടെയോ കൊണ്ടെത്തിക്കുന്നു...പശ്ചാത്തലത്തില്‍
പലപ്പോഴും വരുന്ന ചിലങ്കയുടെ ശബ്ദവും പാട്ടിനു മാറ്റ്
കൂട്ടി....അനുപല്ലവിക്കു ശേഷം വരുന്ന ഒരു ദുരന്ത സീനിന്റെ പശ്ചാത്തലം
വയലിനും മൃദന്ഗവും ചിലങ്കയും മാത്രം ഉപയോഗിച്ച് ചെയ്തിരിക്കുന്നു ...വളരെ
ലളിതമായി....ആ ദുരന്തത്തിന്റെ ആഫ്ടര്‍ ഷോക്കായി വരുന്ന ഒരു ശൂന്യതയെ വെറും
ഒരോടക്കുഴലില്‍ മാഷ് ഒതുക്കി നിർത്തുന്നു .....
ഒരുപാട് തവണ
പറഞ്ഞിട്ടുള്ളതാനെങ്കിലും ദാസേട്ടൻ ഈ ഗാനത്തിന് കൊടുത്തിരിക്കുന്ന ഭാവം
പറയാതെ വയ്യ..... അദ്ദേഹത്തിന് മാത്രം കഴിയുന്ന മാന്ത്രിക ആലാപനം .. .
ഒപ്പം ഗാനചിത്രീകരണത്തെ കുറിച്ച് ഒരു വാക്കെങ്കിലും പറയാതെ പറ്റില്ല .....
സിബി മലയില്‍ എന്ന സംവിധായകന്‍ മാഷിന്റെ പല സിനിമകള്‍ക്കും നല്ല ചിത്രീകരണം
ഒരുക്കിയിട്ടുള്ള ആളാണ്....നീല പൌര്‍ണമിരാവില്‍, നിലാവില്‍
ഭാരതപ്പുഴയുടെ മണലില്‍ ഉള്ള ഒരോ വിഷ്വലും റിച്ച്
ആണ്.....മോഹന്‍ലാലിന്റെയും പാര്‍വതിയുടെയും നൃത്തചുവടുകളും വിരഹവും
ഓര്‍മകളും നിലാവില്‍ പുഴയില്‍ പ്രതിഫലിക്കുന്ന നൃത്തമണ്ഡപവും എല്ലാം എല്ലാം
കാഴ്ചക്ക് ഒരുത്സവം തന്നെ....പ്രിയപ്പെട്ടവര്‍ പിരിഞ്ഞു പോയ
ദുഖമനുഭവിച്ചവര്‍ക്കെല്ലാം ഈ പാട്ട് കേള്‍ക്കുമ്പോഴോ കാണുമ്പോഴോ
ഗാനത്തിന്റെ ഭാവമായ വിരഹം അനുഭവപ്പെട്ടിട്ടുണ്ടാകും....
സംഗീതത്തിലെ ഭാവം കൊണ്ട് മനസ്സിനെ കീഴടക്കിയ രവീന്ദ്രൻ മാസ്റ്ററെ
പോലൊരാള്‍ ഈ ഭൂമിയിലെ ഒരോ സായന്തനങ്ങളിലും ഇതിലൂടെ നടന്നു പോയിരുന്നു
എന്നത് വരും തലമുറയ്ക്ക് ആശ്ചര്യമോ ആലോചനയോ ഉണ്ടാക്കിയാല്‍
അത്ഭുതമില്ല......
ഒരിക്കലും സായന്തനമില്ലാത്ത ഈ ഗാനം നമുക്ക് സമ്മാനിച്ച കൂട്ടുകെട്ടിന് നന്ദി ....
വേനലിനൊടുവിൽ ഇതാ വീണ്ടുമൊരു മഴക്കാലം കൂടി...
നീരുറവകൾ പോലും വറ്റിപ്പോയ ഈ ഗ്രീഷ്മത്തിന് , വർഷപാതത്തിലൂടെ ഇതാ
അവസാനമായിരിക്കുന്നു. ഭൂമിയെയും മനസ്സിനെയും കുളിരണിയിക്കുന്ന മഴ .
മഴ എന്നും ഒരു അനുഭവം ആണ് . ഋതുഭേദങ്ങളിലെ ഒരു പ്രതിഭാസം മാത്രമാണിതെങ്കിലും
നമുക്ക് മഴ ഒരു വികാരം കൂടിയാണ് . മഴ നനയാൻ , പുതുമണ്ണിന്റെ ഗന്ധം
അനുഭവിക്കാൻ , പച്ചപ്പിന്റെ പുതുനാമ്പുകൾ തളിർക്കുന്നത് കാണാൻ !! ....
മനസ്സിൽ ഓർമ്മകളുടെ ഓളങ്ങൾ സൃഷ്ടിക്കാൻ മഴക്ക് കഴിയുന്നു.
മഴയെ
കുറിച്ച് എഴുതാത്ത കവികളില്ല , കഥാകാരന്മാരില്ല , പറയാത്തവരില്ല ,
മനസ്സിലെങ്കിലും പാടാത്തവരില്ല. അത്രയ്ക്കുണ്ട് മഴയുടെ സ്വാധീനം. മഴയുടെ
നല്ല ഓർമകളിൽ മഴയുടെ കെടുതികൾ പോലും നമ്മൾ മറന്നു പോകുന്നു . പച്ച പുതച്ച
നാടും പുഴയും തോടുകളും വയലുകളും ഒപ്പം മഴയും മനസ്സിന് സന്തോഷം തരുന്ന
ഒന്നാണ് . മനസ്സിൽ ഗൃഹാതുരത്വം പേറി നടക്കുന്ന ഏതൊരു പ്രവാസിക്കും മനസ്സിൽ
നാടിന്റെ ഓർമ്മ വരാൻ മഴ എന്നൊരു വാക്ക് പറഞ്ഞാൽ മതി.
ലെനിൻ
രാജേന്ദ്രന്റെ മഴ എന്ന ചിത്രത്തിലെ ഒരു ഗാനം ഉണ്ട്. ആഷാഢം പാടുമ്പോൾ എന്ന
ഗാനം. മഴമാസമാണ് ആഷാഢം . മഴ പോലും പെയ്യിക്കുന്ന അമൃതവർഷിണി രാഗത്തിൽ
രവീന്ദ്രൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ മനോഹരഗാനം. ഓരോ പുൽനാമ്പിലും മഴയുടെ
തേൻ സന്ദേശം ചൊരിയുന്ന കെ ജയകുമാർ സാറിന്റെ വരികൾ . ദാസേട്ടന്റെയും ചിത്ര
ചേച്ചിയുടെയും മധുരം പകരുന്ന ആലാപനം.
മഴയെ സ്നേഹിക്കുന്നവർക്കും മഴ നഷ്ടമാകുന്ന പ്രവാസി സുഹൃത്തുക്കൾക്കുമായി ഈ ഗാനം രവീന്ദ്ര സംഗീതം സമർപ്പിക്കുന്നു...
ഒപ്പം ഒരു പരിസ്ഥിതി ദിനം കൂടി .... ജൂണ്‍ 5.
മനുഷ്യനാൽ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈശ്വരന്റെ വരദാനമായ
പ്രകൃതി... വായുവും മണ്ണും മരങ്ങളും മലകളും പുഴകളും പുൽമേടുകളും ഓരോ
നിമിഷത്തിലും ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു... പലയിടത്തും മഴ പോലും
അന്യമായിക്കൊണ്ടിരിക്കുന്നു ....നന്മകൾ നിറഞ്ഞ , ശുദ്ധവായു നിറഞ്ഞ ഒരു
പ്രകൃതി നമുക്ക് സ്വപ്നം കാണാം ...മരങ്ങൾ വച്ച് പിടിപ്പിക്കാം
....മലിനീകരണം തടയാം ....നിയമങ്ങൾ അനുസരിക്കാം .. അതിനു വേണ്ടി നമുക്ക് കൈ
കോർക്കാം... ശുദ്ധസംഗീതം പോലെ ഓർമ്മകളിലെ പ്രകൃതി വീണ്ടുമുണരട്ടെ ....
ഈ പുൽനാമ്പിൽ മഴയുടെ തേൻ സന്ദേശം ഇനി മുതൽ ഈ പുൽനാമ്പിൽ മഴയുടെ തേൻ സന്ദേശം ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം അമൃതതരളിത നവവികാരം കുസുമഭംഗികളുയിരിലലിയും മധുരസായക മധുരകദനം
നീ മീട്ടാതെ ഉയരും വീണാനാദം മനസ്സിൽ നീ മീട്ടാതെ ഉയരും വീണാനാദം ഉപവന ദലകുതൂഹല സ്വരപരാഗം നറുമ വിതറും നിമിഷശലഭം മിഴിവിളക്കുകൾ നിന്നെയുഴിയും മൌനവീചികൾ വന്നു പൊതിയും
സ്വപ്നങ്ങള്‍ക്കും സ്നേഹത്തിനും ഒരു കുറവും ഇല്ലാത്ത , നാടിനെ അതിരറ്റു സ്നേഹിക്കുന്ന , കര്‍മ്മ ബന്ധങ്ങള്‍ക്ക് ഏറ്റവും വില കല്‍പ്പിക്കുന്ന ഒരു പച്ചയായ മനുഷ്യന്....
എന്നെ കുറിച്ച് എനിക്കിത്രയേ അറിയൂ......
ബാക്കി ഞാനും തേടുന്നു .....