Pages

Friday, June 28, 2013

രാഗജ്വാലകൾ ! - രവീന്ദ്രന്‍ മാസ്റ്ററെ കുറിച്ച് ഗിരീഷ്‌ പുത്തഞ്ചേരി


രാഗജ്വാലകൾ !

ഗിരീഷ്‌ പുത്തഞ്ചേരി


------------------------------------

ഇത്രമാത്രം മനസ്സ് പിടഞ്ഞൊരു വേർപാട് ഞാനനുഭവിച്ചിട്ടില്ല.. അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ എന്നെ കൊണ്ടുപോവരുതേ എന്നു കണ്ണിൽ ഒരു ദാരുണമായ ഒരു നിലവിളിയോടെ ഒരിക്കലും മടങ്ങിവരാത്ത ഏതോ ഒരു സാമ്രാജ്യത്തിലേക്ക് പടിയിറങ്ങിപ്പോകുന്നത് നിസ്സഹായമായ മനസ്സോടെ എനിക്ക് നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്.. ഇരുതലയും നീറിക്കത്തി , ഒടുക്കം നടുവിലെ ഒരു സന്നിഗ്ധബിന്ദുവിൽ എരിഞ്ഞൊടുങ്ങേണ്ടിവരുന്ന ഒരു പാവം തിരിയുടെ വെളിപാടാണല്ലോ നമ്മുടെയൊക്കെ ജീവിതം !. ഇവിടെ ദൈവവുമായി മറ്റൊരുടമ്പടിയുണ്ടാക്കാൻ ഏതു കൊലകൊമ്പനും അശക്തനാവുന്നു.. ജന്മമുണ്ടെങ്കിൽ മരണം നിശ്ചയം എന്ന കവിവാക്യം അർത്ഥപൂർണ്ണമാകുന്നു.. അല്ലെങ്കിൽ ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ - ചത്തുപോകുന്നു പാവം ശിവ ശിവ ! എന്ന കറുത്ത ഫലിതം സാർത്ഥകമാകുന്നു..

മലയാള ചലച്ചിത്ര സംഗീതത്തിന്റെ അപചയകാലത്ത് , അൽപം ധാർഷ്ട്യം കലർന്ന കർണ്ണാട്ടിക് ശൈലിയുടെ സ്വരത്താക്കോലുമായി, സാമ്പ്രദായിക രാഗപദ്ധതികളുടെ പത്തായപ്പുര പിടിച്ചടക്കി , സരളിവരിശകളുടെയും ഝണ്ടവരിശകളുടെയും നീക്കിയിരുപ്പ് , ഇടങ്ങഴിയിലൂടെയളന്നെടുത്ത് മലയാളിക്ക് വീതം വെച്ചുകൊടുത്ത രവീന്ദ്രന്റെ മരണവും ഇത്തരത്തിൽ ഒരാകസ്മികാനുഭവം തന്നെയായിരുന്നു നമുക്ക്..

എഴുപത്തിരണ്ട് മേളകർത്താരാഗങ്ങളിൽ ചിലതും അവയുടെ കോടാനുകോടി ജന്യങ്ങളിൽ പലതും നമ്മുടെ മനസ്സിന്റെ വസന്തകാലത്തിലേക്ക് ഹൃദയം കൊണ്ട് ജപിച്ചെറിഞ്ഞു തരുകയായിരുന്നു രവിയേട്ടൻ.. യേശുദാസ് , എം. ജി. ശ്രീകുമാർ , എസ്. പി. ബാലസുബ്രഹ്മണ്യം , ജയചന്ദ്രൻ , ബിജു നാരായണൻ , മധു ബാലകൃഷ്ണൻ , ചിത്ര , സുജാത , ആശ. ജി. മേനോൻ , ഗായത്രി തുടങ്ങി ഒരുപാടൊരുപാട് ആലാപനപ്രതിഭകളുടെ കരളിനു കൊത്തിയെടുക്കാൻ പാകത്തിൽ , സ്റ്റുഡിയോകളുടെ കാവൽ വരമ്പത്തിരുന്ന് ഈ ഗാനപ്പെയ്ത്തുകാരൻ സ്വരക്കറ്റ കൊയ്തുകൊണ്ടേയിരുന്നു.. ഏതാണ്ട് രണ്ടരപ്പതിറ്റാണ്ട് കാലത്തോളം.. ( യേശുദാസായിരുന്നു രവിയേട്ടനെക്കണ്ടെടുത്ത് , ആദ്യമായി സംഗീതസംവിധാന രംഗത്തേക്ക് അനുഗ്രഹിച്ചയച്ചതെന്ന് നമുക്ക് അറിയാവുന്നതാണല്ലോ )

നിലവിലുള്ള സംഗീത സമ്പ്രദായങ്ങളെ സ്വാംശീകരിച്ചുകൊണ്ടുതന്നെ അതിന്റെ കെട്ടുപാടുകളെ ലംഘിക്കുക എന്ന ശൈലിയാണ് രവിയേട്ടൻ ആദ്യമായി തന്റെ സംഗീത സംവിധാന രീതിയിൽ പരീക്ഷിച്ച മാർഗ്ഗം.. ദാസേട്ടന്റെ നാദവിശുദ്ധി , അതുവരെ താരസ്ഥായിയിൽ ഉപയോഗപ്പെടുത്തിയ ഗാനകലക്ക് , അദ്ദേഹത്തിന്റെ മന്ദ്രസ്ഥായിയിലുള്ള ആലാപനവൈഭവം അനുഭവിച്ചറിയാൻ ഭാഗ്യം തന്നത് രവിയേട്ടന്റെ കൊമ്പോസിഷനാണ്..

ദക്ഷിണാമൂർത്തി സ്വാമിയും രാഘവൻ മാസ്റ്ററും ദേവരാജൻ മാസ്റ്ററും ബാബുക്കയും എം. എസ്‌. വിശ്വനാഥനും പുകഴേന്തിയും എം. ജി. രാധാകൃഷ്ണനും കണ്ണൂർ രാജനും തൊട്ട് , എം. കെ. അർജ്ജുനൻ മാസ്റ്റർ വരെയുള്ള മഹാരഥന്മാർ നിർത്തിയേടത്തുവച്ച് തുടങ്ങുകയായിരുന്നു രവിയേട്ടന്റെ സംഗീതസപര്യ.. കവികളുടെയിലെ കാൽനടക്കാരനായിരുന്ന പി. കുഞ്ഞിരാമൻനായരുടെ കാവ്യജീവിതത്തിനോട് ഏതാണ്ട് സദൃശമായിരുന്നു രവിയേട്ടന്റെ സംഗീതയാത്രയും എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.. ഹൃദയത്തിൽ കവിതയുടെ കനലുകടഞ്ഞ് , കാൽപ്പനികതയുടെ നറുവെണ്ണയെടുത്ത കുഞ്ഞിരാമൻനായരും സ്വന്തം ഹൃദയം കൊണ്ട് ചലനാട്ടയും ഹംസധ്വനിയും രീതിഗൗളയുമൊക്കെ വാറ്റിയെടുത്ത രവിയേട്ടനും തത്വത്തിൽ മലയാളിക്ക് മഥിച്ചുകൊടുത്തത് കലയുടെ പാലാഴി തന്നെയാണ്.. താൻ കഴിഞ്ഞ കുറേ ദിവസങ്ങളായി സ്കൂളിൽ പഠിപ്പിക്കാൻ വന്നിട്ടില്ലെന്ന കാര്യം നാളെ ഇൻസ്പെക്ഷനു വരുന്ന എ. ഇ. ഒവിനോട് പറയരുതേ എന്നപേക്ഷിച്ച് , രണ്ടാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും പഠിക്കുന്ന തന്റെ ശിഷ്യഗണങ്ങളായ സ്കൂൾ കുട്ടികൾക്ക് കൽക്കണ്ടം കൈക്കൂലിയായി കൊടുത്ത് കാലുപിടിച്ച് കരയുന്ന കുഞ്ഞിരാമൻ നായരും ഇത്ര ലക്ഷം രൂപ തന്നാലേ താങ്കളുടെ പടത്തിനു ഞാൻ സംഗീതം നിർവഹിക്കൂ എന്ന് ശാട്യം പിടിക്കുകയും അൽപം കഴിഞ്ഞ് അതേ പ്രൊഡ്യൂസർ ഒരു ദരിദ്രനാണെന്ന് മനസ്സിലാക്കിയപ്പോൾ ലക്ഷം പോയിട്ട് ഒരൊറ്റ രൂപയുടെ നാണയം തന്നാൽ താങ്കൾക്ക് എന്റെ ഹൃദയം പിഴിഞ്ഞ് പാട്ടുകളുണ്ടാക്കിത്തരാമെന്ന് കാരുണ്യം കാണിക്കുന്ന രവിയേട്ടനും ഒരു ഗർഭപാത്രത്തിൽ പുറംതിരിഞ്ഞു കിടന്നിരുന്ന സഹോദരന്മാരായിരിക്കാമെന്നു ചിന്തിക്കുന്നത് അഭംഗിയാവില്ലല്ലോ..

നിസ്വനും നിരായുധനുമായവന്റെ ഹൃദയവേദനയറിയാനുള്ള കഴിവ് , രവിയേട്ടന്റെ ഒരപൂർവ്വ സിദ്ധിയായിരുന്നു.. കാരണം , ഒരുപാടു വേദനകളുടെ മൂർച്ചയും മൂർച്ഛയുമുള്ള കരിങ്കൽച്ചീളുകൾ ചവിട്ടി ചോരവാർന്ന മനസ്സുമായാണദ്ദേഹം സംഗീതകൽപ്പദ്രുമത്തിന്റെ നാദശാഖയിലേക്ക് പടർന്നു കയറിയത്.. ഒരുപാട് തിരസ്കാരങ്ങളുടെയും തീ തീറ്റപ്പെടലിന്റെയും വ്യാകുലതകളിൽ നിന്നാണ് ആ കണ്ഠനാളത്തിലെ സ്വരസപ്തകം തിളച്ചു മറിഞ്ഞത്; മലയാളിയുടെ ഗാനാസ്വാദനത്തിന്റെ ഹൃദയാകാശം പിളർന്നത്..

കൈമോശപ്പെട്ടുണ്ടായ സ്വപ്നങ്ങളുടെയും കൈവിരൽത്തുമ്പിൽ നിന്ന് ഊർന്നുപോകുന്ന സൌഭാഗ്യങ്ങളുടെയും കർക്കിടകപ്പെയ്ത്തായിരുന്നു രവീന്ദ്രസംഗീതം.. അതിൽ ധിഷണയുടെ മിന്നലും ധിക്കാരത്തിന്റെ വിങ്ങലുമുണ്ട്.. പ്രണയത്തിന്റെ വിരഹാതുരതയും മരണത്തിന്റെ വിഷാദച്ഛവിയുമുണ്ട്.. ഭക്തിയുടെ ഭൂതബലിയും നിർവാണത്തിന്റെ നിർവേദാവസ്ഥയുമുണ്ട്..

സത്യൻ അന്തിക്കാടെഴുതിയ താരകേ ... എന്ന ഗാനത്തിൽ തുടങ്ങി , ഒ. എൻ. വി. സാറിന്റെ ശ്രീലതികയിലൂടെ ശ്രീത്വമാർന്ന , ശ്രീകുമാരൻ തമ്പി സാറിന്റെ ഇന്നുമെന്റെ കണ്ണുനീരിലൂടെ , ബിച്ചു തിരുമലയുടെ എഴുസ്വരങ്ങളിലൂടെ , കൈതപ്രത്തിന്റെ പ്രമദവനത്തിലൂടെ , എന്റെ ഹരിമുരളീരവത്തിലൂടെ അദ്ദേഹത്തിന്റെ രാഗജ്വാലകൾ കത്തിക്കയറുന്ന മായക്കാഴ്ച നാം ഒരുപാട് കണ്ടറിഞ്ഞു.. ഒരാളെ നാം സത്യസന്ധമായി സ്നേഹിക്കുന്നുണ്ടെങ്കിൽ അയാളുടെ ശക്തിയെപ്പോലെ ദൗർബല്യത്തേയും സ്നേഹിച്ചേ പറ്റൂ എന്നു ബുദ്ധിയുള്ളവർ പറഞ്ഞുവെച്ചത്‌ ഇവിടെയും പ്രസക്തമാണ്.. ഇത്തിരി മുൻശുണ്‍ടിയും പിണക്കവും പരിഭവവും ഒക്കെ ആ കുറുമ്പുകാരന്റെ കൂടപ്പിറപ്പായിരുന്നെങ്കിൽ ഒത്തിരി സ്നേഹവും കാരുണ്യവും കണ്ണീരുമൊക്കെ അദ്ദേഹം തന്റെ മനസ്സിന്റെ ലോക്കറിലടച്ചുവെച്ചിരുന്നു... അത്യാവശ്യക്കാർക്ക് തുറന്നു കൊടുക്കാൻ വേണ്ടി മാത്രം..

രാണ്ടായിരത്തിയഞ്ച് മാർച്ച് മൂന്നാം തീയതി , കാലം മുറുക്കിവെച്ച ആ വീണക്കമ്പി ദൈവത്തിന്റെ വിരൽതട്ടി പൊട്ടിപ്പോയത് ഇപ്പോൾ ആരൊക്കെ ഓർക്കുന്നുണ്ടോ ആവോ..കലണ്ടറുകളിൽ മരിച്ചുവീഴുന്ന അക്കങ്ങളുടെ പെരുക്കങ്ങളിൽ നാളെ ഞാനും എന്ന് സമാധാനിച്ചുകൊണ്ട് സ്നേഹാദരങ്ങളോടെ ആ ... ഓർമ്മയ്ക്ക്‌ മുന്നിൽ , വിട .....

( ശ്രീ. എം. ഡി. മനോജ്‌ എഴുതിയ ഒലിവ് പബ്ലിക്കെഷന്സിന്റെ രവീന്ദ്രസംഗീതം എന്ന പുസ്തകത്തിലെ രവീന്ദ്ര സ്മരണകൾ എന്ന ഭാഗത്തിലെ രവീന്ദ്രൻ മാസ്റ്ററിനെ കുറിച്ചുള്ള ഗിരീഷ്‌ പുത്തഞ്ചേരിയുടെ ലേഖനം )

Tuesday, June 25, 2013

എന്തിന് നാണക്കേട്‌ തോന്നണം ?

അതിര്‍ത്തിയില്‍ മരിച്ച ജവാന്‍മാര്‍ക്ക്‌ ഒരു ലക്ഷവും ക്രിക്കറ്റ് കളി ജയിച്ച ടീമിലെ ഓരോരുത്തര്‍ക്കും ഒരു കോടി രൂപയും എന്ന കാര്യം വച്ച് സ്റ്റാറ്റസ് പലരും ഫെയ്സ്ബുക്ക് സ്റ്റാറ്റസ് ഇട്ടു നാണക്കേട്‌ രേഖപ്പെടുത്തി കണ്ടു... കുറെ നാളുകളായി ഫെയ്സ്ബുക്കിൽ കണ്ടു വരുന്നതാണ് ഇത്തരം സ്റ്റാറ്റസുകൾ

എന്തിന് നാണക്കേട്‌ തോന്നണം ? ഇന്ത്യയിലെ ക്രിക്കറ്റ് കളി നിയന്ത്രിക്കുന്നതും നടത്തുന്നതും ആയ ബി സി സി ഐ എന്ന സംഘടന ഒരു വലിയ ടൂർണമെന്റ് ജയിച്ചു വന്ന ടീമിന് അവരുടെ തന്നെ കയ്യിലെ പൈസ എടുത്തു കൊടുത്തതിനു ഇവിടെ രോഷം കൊള്ളുന്നത്‌ എന്തിനാ? ഇന്ത്യയിലെ ജനങ്ങളുടെ കാര്യം നോക്കാൻ നമ്മൾ തന്നെ ജയിപ്പിച്ചു വിട്ട ഒരു സർക്കാർ ഉണ്ട്... എന്ത് പ്രശ്നങ്ങൾ വന്നാലും ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിന് ഉണ്ട്... ദുരന്തത്തിൽ പെട്ടവർക്ക് എത്ര വേണം എന്ന് നിശ്ചയിച്ചു കൊടുക്കേണ്ടത് അവരാണ്... അതെല്ലാം മര്യാദക്കു ചെയ്യാത്ത ഉത്തരവാദിത്തമില്ലാത്ത ഒരു കോത്താഴത്തിലെ സർക്കാർ ആയിപ്പോയതിന് മറ്റുള്ള കാര്യങ്ങൾ വച്ച് താരതമ്യം ചെയ്യുന്നത് ശരിയല്ല....

Sunday, June 23, 2013

കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍....

കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍......

രവീന്ദ്രൻ മാസ്റ്ററുടെ മറ്റൊരു മനോഹരഗാനം... കളിപ്പാട്ടം എന്ന ചിത്രത്തിന് വേണ്ടി കോന്നിയൂർ ഭാസ് രചിച്ചു ദാസേട്ടൻ അതിഗംഭീരമായി പാടിയ ഗാനം... ഹരികാംബോജി രാഗത്തിലെ ഈ പാട്ടിന് വല്ലാത്തൊരു ഭാവമാണ്...

ഒരു കളിപ്പാട്ടം പോലെ നിന്ന് ഒരു പെണ്‍കുട്ടിയെ സന്തോഷിപ്പിക്കേണ്ടി വരുകയും പിന്നീട് ജീവനെപ്പോലെ സ്നേഹിച്ചതിന് ശേഷം അവളെ എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന് ഓർക്കുന്ന നായകൻറെ അവസ്ഥയിൽ വരുന്ന സങ്കടം ആണ് ഇവിടെ സന്ദർഭം... ഏവരുടെയും മനസ്സിൽ തട്ടുന്ന രീതിയിലുള്ള ഈണവും വരികളും സർവോപരി വേണ്ട ഭാവത്തിൽ തന്നെ പാടിയ ദാസേട്ടനും ഈ ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു...

ഇരുപതു വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ ഈ ഗാനം ഇപ്പോഴും പത്തരമാറ്റായി തിളങ്ങി നിൽക്കുന്നു എന്നതിൽ യാതൊരു അത്ഭുതവും ഇല്ല... രവീന്ദ്രൻ മാസ്റ്ററുടെ കയ്യൊപ്പ് പതിഞ്ഞ ഗാനങ്ങളുടെ ചരിത്രവും അതുതന്നെയാണ്...

സഹജീവികളുടെ സന്തോഷത്തിനു വേണ്ടി സ്വന്തം ദുഃഖങ്ങൾ ഉൾപ്പടെ എല്ലാം മറന്നു കണ്ണീരിനു മുകളിൽ ഒരു ചിരി പടർത്തി ജീവിതം മാതൃകയാക്കുന്ന എല്ലാ നല്ല മനസ്സുകൾക്കും മുന്നിൽ ഈ ഗാനം രവീന്ദ്രസംഗീതം സമർപ്പിക്കുന്നു....


കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍
മനോവീണ മീട്ടുന്നു ഞാന്‍...
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍
സ്വരക്കൂടു കൂട്ടുന്നു ഞാന്‍ ദേവീ...


മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും
മണിച്ചിലമ്പിന്‍ കൊഞ്ചലേ...
മനപ്പന്തലിന്‍ മഞ്ചലില്‍ മൗനമായ് നീ
മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നു
അറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞു
ഉയിര്‍‌പൈങ്കിളീ എന്നുമീ യാത്രയില്‍ നിന്‍
നിഴല്‍പ്പാടു ഞാനല്ലയോ...


മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നുവീഴുമെന്‍
നനുത്ത സ്‌നേഹത്തിന്‍ തുമ്പികള്‍
തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം
തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദം
ചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം ഞാന്‍
ഉഷഃസന്ധ്യതന്‍ നാളമേ നിന്റെ മുന്നില്‍
വഴിപ്പൂവു ഞാനോമനേ...

Friday, June 21, 2013

സംഗീതദിനാശംസകൾ

എനിക്ക് സംഗീതം ഒരുപാട് നല്ല സുഹൃത്തുക്കളെ തന്നു .... സംഗീതത്തെ പോലെ തന്നെ അവരും എന്റെ എല്ലാം ആണ്... സന്തോഷം ആണ്... ആശ്വാസം ആണ്.... സംഗീതം പോലെ ഞാൻ അവരെയും സ്നേഹിക്കുന്നു...

സംഗീതദിനാശംസകൾ ....

ഇന്ന് ലോക സംഗീത ദിനം ....

മനുഷ്യനും സംഗീതവും തമ്മിലുള്ള ബന്ധം ഒരു പക്ഷെ പറഞ്ഞറിയിക്കാന്‍ കഴിവില്ലാത്തവണ്ണം ഉറപ്പുള്ളതാണ്....സംഗീതത്തിനു ഇക്കാണുന്ന രീതിയില്‍
ഉള്ള ചിട്ടവട്ടങ്ങള്‍ വരുന്നതിനു മുമ്പേ തന്നെ മനുഷ്യന്‍ അത് ആസ്വദിച്ചിരുന്നു......പ്രകൃതി
യുടെ സംഗീതം.!!!!!!! ...സംഗീതം
നമ്മിലുളവാക്കുന്ന പല തരത്തിലുള്ള വികാരങ്ങള്‍ എന്താണെന്ന് ഇപ്പോഴും
ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ആണ്.....ഓരോരുത്തര്‍ക്കും അതുണ്ടാക്കുന്ന
അനുഭവത്തിന്റെ തോത് ഏറിയും കുറഞ്ഞും ഇരിക്കും.. ഒരു പാട്ട്
കേള്‍ക്കുമ്പോള്‍ നാം അനിര്‍വചനീയമായ ഒരു സുഖം അനുഭവിക്കുന്നു....നമ്മെ
അത് മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു..സ്വപ്നങ്ങള്‍
കാണിക്കുന്നു...ഓര്‍മ്മകളെ ഓടിയെത്തിക്കുന്നു ....മാനസിക ഭാരം
കുറയ്ക്കുന്നു.....എന്നാലോ ചില പാട്ട് കേള്‍ക്കുമ്പോള്‍ നേരെ തിരിച്ചാണ്
അനുഭവപ്പെടുക.....അത് ഒരു പക്ഷെ നമ്മെ
അസ്വസ്തമാക്കിയേക്കാം....നൊമ്പരപ്പെടുത്തിയേക്കാം.....വേണ്ടപ്പെട്ടവരെയെല്ലാം
ഓര്‍ത്തു കരയാന്‍ ഇടയാക്കിയേക്കാം.....ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ
ഹൃദയത്തില്‍ തുളച്ച് കയറുന്ന സംഗീതത്തെ ആരാണ് സ്നേഹിക്കാത്തത്?

വിവിധ രാഗങ്ങളുടെ ഭാവങ്ങള്‍ ആണ് വിവിധ തരം വികാരങ്ങള്‍ നമ്മില്‍
സൃഷ്ടിക്കുന്നത്...ഇതിനെ കുറിച്ച് പുരാതന സംഗീത ഗ്രന്ഥമായ ‘’സ്വര ശാസ്ത്ര
‘’ത്തില്‍ പറയുന്നുണ്ട് .....അത് പ്രകാരം നമ്മുടെ സംഗീത പദ്ധതിയില്‍
ഉള്ള 72 മേളകര്‍ത്താരാഗങ്ങളും നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട 72
ഞരമ്പുകളെ നിയന്ത്രിക്കുന്നു.....ഒരാള്‍ സ്വര ശുദ്ധിയോടെ ഒരു രാഗം
ലക്ഷണങ്ങളോടെ പാടുമ്പോള്‍ അയാള്‍ക്ക്‌ ആ പ്രത്യേക ഞരമ്പിന്റെ പൂര്‍ണ്ണ
നിയന്ത്രണം കൈ വരുന്നു എന്ന് വിശ്വസിക്കുന്നു.. ഇതനുസരിച്ച്
ചികിത്സകളില്‍ പോലും സംഗീതം ഒരു അനുബന്ധ ഉപാധിയായി പുരാതന കാലം മുതല്‍ക്കേ
ഉപയോഗിച്ചിരുന്നു...ഇപ്പോള്‍ ഈ ആധുനിക കാലത്തും അതിന്റെ സാധ്യതകള്‍
പ്രയോജനപ്പെടുത്തി വരുന്നു......അത്രയ്ക്കുണ്ട് സംഗീതത്തിന്റെ ശക്തി ...

ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം....

സംഗീതത്തിലെ ഏഴു സ്വരങ്ങളെയും അവയുടെ പ്രത്യേകതകളെയും കുറിച്ച് പറയുന്ന വിവിധ രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം തന്നെയാകട്ടെ ഈ സംഗീത ദിനത്തിൽ ... സിനിമയിൽ രണ്ടു പേർ തമ്മിലുള്ള മത്സര ഗാനം ആണെങ്കിലും അതിലൂടെ വിജയിച്ചതും സംഗീതമാണ്...ഇതുപോലൊരു ഗാനം മലയാളത്തിൽ ഇറങ്ങിയിട്ടില്ല...മലയാളത്തിലെന്നല്ല മറ്റെവിടെയും സംഭവിച്ചിട്ടുണ്ടാവില്ല എന്നാണ് തോന്നുന്നത്...

ഷഡ്ജം മുതൽ നിഷാദം വരെയുള്ള ഏഴു സ്വരങ്ങളേയും അവയുടെ പ്രത്യേകതകളെയും അവ പ്രതിനിധാനം ചെയ്യുന്ന പക്ഷിമൃഗാദികളെയും കുറിച്ച് പറയുന്നുണ്ട് ഈ ഗാനത്തിൽ... ഹിന്ദോളം , തോഡി , മോഹനം , ഷണ്മുഖപ്രിയ തുടങ്ങി രേവതി രാഗത്തിൽ അവസാനിക്കുന്ന ഈ ഗാനത്തിന് എന്നും മാന്ത്രിക സംഗീതം സാധ്യമാക്കുന്ന രവീന്ദ്രൻ മാസ്റ്റർ പത്തോളം രാഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്... കൈതപ്രം തിരുമേനിയുടെ വരികൾ !!

ഭൂമിയിലെ ഗന്ധർവനായ യേശുദാസ് ഈ ഗാനത്തിന് കൊടുത്ത ഭാവങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്... ആലാപിൽ തുടങ്ങി താനവും സ്വരവും പാടി അവസാനിപ്പിക്കുന്നത് വരെയുള്ള വിവിധ ഭാവങ്ങൾ... ഇതുപോലൊരു ഗാനത്തിന് കയ്യൊപ്പ് ചാർത്തിയ രവീന്ദ്രൻ മാസ്റ്ററും സംഗീത സംവിധായകൻ ശരത്തിനൊപ്പം ഈ ഗാനത്തിൽ പാടാൻ ചേർന്നു എന്നുള്ളത് സന്തോഷം ഉള്ള കാര്യമാണ്... വളരെ മനോഹരമായ വിഷ്വൽ ഉള്ള ഗാനം ആണിത് ... മോഹൻലാൽ എന്ന നടൻ ഒരു സംഗീതജ്ഞനെ പോലെ ഗാനം കൈകാര്യം ചെയ്യുന്നു ... ചിത്രത്തിൽ കൈതപ്രം തിരുമേനിയുടെ കഥാപാത്രത്തിന് വേണ്ടിയാണ് മാസ്റ്റർ പാടുന്നത് ..നെടുമുടി വേണുവിന് വേണ്ടി ശരത്തും...

ഈ ലോകസംഗീത ദിനത്തിൽ സംഗീതത്തിനെ കുറിച്ച് പറയുന്ന , സംഗീതത്തിനെ പ്രാർഥിക്കുന്ന , മനസ്സുകളിലേക്ക് സംഗീതം അലയടിക്കുന്ന ഈ രവീന്ദ്ര സംഗീതം തന്നെയാകട്ടെ

ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം

ഷഡ്ജം ( സ ) ( മയിൽ )

മയൂരനാദം സ്വരമായ് വിടരും ഷഡ്ജം അനാഗതമന്ത്രം
മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം

രിഷഭം ( രി ) ( കാള )

ഋഷഭ സ്വരങ്ങളായ് പൌരുഷമേകും
ശിവവാഹനമേ നന്തി
ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്തി


ഗാന്ധാരം ( ഗ ) ( ആട് )

സന്തോഷകാരക സ്വരം സ്വരം സ്വരം സ്വരം
അജരവഗാന്ധാരം ഗാന്ധാരം ഗാന്ധാരം
ആമോദകാരക സ്വരം
സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം

മധ്യമം ( മ ) ( ക്രൗഞ്ച പക്ഷി )

ക്രൗഞ്ചം ശ്രുതിയിലുണർത്തും
നിസ്വനം മധ്യമം
മാധവം ശ്രുതിയിൽ ഇണങ്ങും
കാരുണ്യം മധ്യമം

പഞ്ചമം ( പ ) ( കുയിൽ )

പഞ്ചമം വസന്തകോകിലസ്വനം
സ്വനം കോകിലസ്വനം വസന്തകോകിലസ്വനം

ധൈവതം ( ധ ) ( കുതിര )

മേഘരാഗങ്ങളെ തൊട്ടുണരുന്നതാ
മണ്ടൂകമന്ത്രം ധൈവതം
ആശ്വരവങ്ങൾ ആജ്ഞാചക്രത്തിലുണർത്തും
സ്വരരൂപം ധൈവതം

നിഷാദം ( നി ) ( ആന )

ഗജമുഖനാദം സാന്ത്വനഭാവം
ആഗമജപലയ നിഷാദരൂപം നി നി
ശാന്തമായ് പൊഴിയും സ്വരജലകണങ്ങൾ
എകമായ് ഒഴുകും ഗംഗാപ്രവാഹം

അനുദാത്തമുദാത്തസ്വരിതപ്രചയം
താണ്ഡവമുഖരലയപ്രഭവം
പ്രണവാകാരം സംഗീതം

ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം
ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം

Monday, June 17, 2013

താരകേ .... മിഴിയിതളിൽ കണ്ണീരുമായീ

താരകേ... മിഴിയിതളിൽ കണ്ണീരുമായീ...

ചൂള എന്ന സിനിമയിലെ ഗാനം.

മലയാള ചലച്ചിത്ര സംഗീതരംഗത്തിൽ ഒരു യുഗത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് കടന്നു വന്ന ഇടിമിന്നലാണ് ഈ ഗാനം... രവീന്ദ്രൻ എന്ന സംഗീത സംവിധായകന്റെ പിറവി... ഈ ചൂളയിൽ നിന്നും ആളിപ്പടർന്ന സംഗീതാഗ്നി പിന്നീട് അതിവേഗം സംഗീത പ്രേമികളുടെ മനസ്സിനെ തീ പിടിപ്പിച്ചു...

ചൂളക്ക് പിന്നിൽ ഒരു കഥയുണ്ട്... രവികുമാർ എന്ന നടന് രവീന്ദ്രൻ മാസ്റ്റർ ശബ്ദം നൽകിയിരുന്ന കാലം. രവികുമാറിന് അവസരങ്ങൾ കുറയുകയും ഗായകൻ എന്ന നിലക്ക് ആരും വിളിക്കാതെയും ആയപ്പോൾ ജീവിക്കാൻ നിവർത്തിയില്ലാതെ എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ലാതെ നിൽക്കുമ്പോൾ മാസ്റ്റർ ഒരു ദിവസം ദാസേട്ടനോട് പറഞ്ഞു... '' ദാസേട്ടാ ... ഞാൻ രണ്ടു കാറുകൾ വാങ്ങി ടാക്സി ആക്കി ഓടിക്കാൻ പോവുകയാണ്. സംഗീതമല്ലാതെ വേറൊന്നും അറിയുകയുമില്ലല്ലോ ''... നിനക്ക് സംഗീത സംവിധാനം ചെയ്തു കൂടെ എന്ന ദാസേട്ടന്റെ ചോദ്യത്തിന് കിട്ടിയാൽ ചെയ്യാം എന്നായിരുന്നു മാസ്റ്ററുടെ മറുപടി...

ഒരു ദിവസം മാസ്റ്ററുടെ വീട്ടിൽ ദാസേട്ടൻ വന്ന് വേഗം പോയി സംവിധായകൻ ശശികുമാർ സാറിനെ കാണാൻ പറഞ്ഞു... ടാക്സിക്ക് കാശും കൊടുത്തു... അന്നത്തെ ഹിറ്റ്‌ മേക്കറായിരുന്ന ശശികുമാർ സാറിന്റെ സിനിമയിൽ പുതിയ സംഗീത സംവിധായകർക്ക് അവസരം കിട്ടുക എളുപ്പല്ലായിരുന്നു... ദാസേട്ടന്റെ ശക്തമായ ശുപാർശയിൽ മാത്രമാണ് ഈ അവസരം ലഭിച്ചത്... പാട്ടുകൾ റെക്കോഡ് ചെയ്തതിനു ശേഷം കേട്ടിട്ട് ഇഷ്ടമായില്ലെങ്കിൽ അതിന്റെ കാശ് ഞാൻ തരാം എന്ന ദാസേട്ടന്റെ ഉറപ്പിൽ ആ സിനിമയുടെ നിർമ്മാതാക്കളായ ഒമ്പത് പേരും പിന്നെ സംവിധായകനും ഒടുവിൽ സമ്മതിച്ചു...മാസ്റ്ററുടെ ചില ഈണങ്ങൾ നേരത്തെ കേട്ടിരുന്നതിനാൽ ദാസേട്ടന് മാസ്റ്ററിൽ വിശ്വാസം ഉണ്ടായിരുന്നു...

വർക്ക് തുടങ്ങിയപ്പോൾ വീണ്ടും തടസ്സം... അന്ന് ഗാനരചയിതാവായിരുന്ന സത്യൻ അന്തിക്കാട്, ട്യൂണ്‍ ഇട്ടതിനു ശേഷം വരികൾ താൻ എഴുതില്ലെന്ന് വാശി പിടിച്ചു ഇറങ്ങി പോകാനൊരുങ്ങി... എങ്ങനെ വേണമെങ്കിലും പാട്ട് ചെയ്യാം , പക്ഷേ ഞാൻ ഇട്ട ട്യൂണ്‍ ഒന്ന് കേൾക്കാൻ മാസ്റ്റർ സത്യൻ അന്തിക്കാടിനോട് അഭ്യർഥിച്ചു... മനസ്സില്ലാ മനസ്സോടെ അതിന് തയ്യാറായ സത്യന് ആ ഈണങ്ങളിൽ എന്തോ പുതുമ തോന്നി...ഇതിന് വരികൾ എഴുതപ്പെടേണ്ടതാണല്ലോ എന്ന് അദ്ദേഹത്തിന് തോന്നി... ഉടൻ തന്നെ അതിന് വരികൾ എഴുതാൻ ഇരുന്നു.... താരകേ അന്ന് ജനിക്കുകയായിരുന്നു...മലയാളത്തിന് രവീന്ദ്രൻ എന്ന താരകം ജനിക്കുകയായിരുന്നു ....

ദാസേട്ടന്റെ ശബ്ദം അന്ന് വരെ ഉപയോഗിക്കാത്ത രീതിയിൽ മാസ്റ്റർ ഈ ഗാനത്തിലൂടെ പരീക്ഷിച്ചു... യേശുദാസ് എന്ന ഗായകന്റെ മറ്റൊരു റെയ്ഞ്ച് അന്ന് എല്ലാവരും അറിയുകയായിരുന്നു... ഒരു പുതിയ സംഗീത സംവിധായകന്റെ കീഴിൽ മറ്റൊരു റെയ്ഞ്ചിൽ ദാസേട്ടൻ പാടി എന്നറിഞ്ഞു അത് കേൾക്കാൻ സാക്ഷാൽ ഇളയരാജ അന്ന് സ്വന്തം കാറിൽ സ്റ്റുഡിയോവിൽ എത്തിയിരുന്നുവത്രേ.... !!

അത് വരെ കുളത്തൂപ്പുഴ രവി എന്നറിയപ്പെട്ടിരുന്ന മാസ്റ്ററുടെ ജാതകം മാത്രമല്ല, പേരും ദാസേട്ടൻ മാറ്റിയെഴുതി... ''രവി കുളത്തിലും പുഴയിലും ഒന്നും അസ്തമിക്കേണ്ടവനല്ല , പ്രകാശിക്കേണ്ടവനാണ്... അത് കൊണ്ട് അച്ഛനും അമ്മയും ഇട്ട രവീന്ദ്രൻ എന്ന പേര് മതി ഇനി നിനക്ക് ....''

അന്ന് മുതൽ കുളത്തൂപ്പുഴ രവി രവീന്ദ്രനായി ..... അവിടന്നങ്ങോട്ട് എണ്ണമറ്റ ഗാനങ്ങളിലൂടെ സംഗീത മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി...യേശുദാസ് രവീന്ദ്രൻ കൂട്ടുകെട്ട് മലയാളികളുടെ മനസ്സിൽ ഒരിക്കലും മാറാത്ത സംഗീതവസന്തം തീർത്തു... എഴുപതുകളുടെ അവസാനത്തോടെ സംഗീതരംഗത്ത് പുതിയ അലകൾ സൃഷ്ടിച്ച ചൂള എന്ന ചിത്രത്തിലെ താരകേ ഈ ഗാനം കേൾക്കൂ...

താരകേ .... മിഴിയിതളിൽ കണ്ണീരുമായീ
താഴേ ... തിരയുവതാരേ നീ
ഏതോ കിനാവിന്റെ ഏകാന്ത തീരത്തിൽ
പൊലിഞ്ഞുവോ നിൻ പുഞ്ചിരി

അജ്ഞാതമേതോ രാഗം
നിൻ നെഞ്ചിലുണരാറുണ്ടോ
മോഹങ്ങളിന്നും നിന്നെ പുൽകുമോ
മനസ്സിന്റെ മായാവാതിൽ
തുറന്നീടും നൊമ്പരത്താൽ
നീ രാഗപൂജ ചെയ്യുമോ

നോവുന്ന സ്വപ്‌നങ്ങൾ തൻ
ചിതയിൽ നീ എരിയാറുണ്ടോ
കണ്ണീരിലൂടെ ചിരി തൂകുമോ
തമസ്സിന്റെ മേടക്കുള്ളിൽ
വിതുമ്പുന്നൊർമ്മ പോലെ
എന്നും തപം ചെയ്യുമോ

Sunday, June 16, 2013

മകളേ ... പാതിമലരേ

മകളേ ... പാതിമലരേ
നീ മനസ്സിലെന്നെ അറിയുന്നോ ...

ഒരച്ഛന്റെ എല്ലാ സ്നേഹവാത്സല്യങ്ങളുമടങ്ങിയ ഗാനം...

ചമ്പക്കുളം തച്ചൻ എന്ന ചിത്രത്തിന് വേണ്ടി ബിച്ചു തിരുമല എഴുതി ആഭേരി എന്ന മനോഹര രാഗത്തിൽ രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകിയ മറക്കാനാകാത്ത ഗാനം... മകളെ കൊഞ്ചിച്ചു കൊതി തീരുന്നതിനു മുമ്പ് അവളെ പിരിയേണ്ടി വന്ന ഒരു അച്ഛന്റെ ദുഃഖം ഈ പാട്ടിലൂടെ വരച്ചു കാണിക്കുന്നു... വളരെ ശ്രദ്ധേയമായ വരികൾ.... ഹൃദയത്തിനെ നൊമ്പരപ്പെടുത്തുന്ന സംഗീതം... ദാസേട്ടൻ 'മകളേ' എന്ന് വിളിക്കുമ്പോൾ തന്നെ ആ പിതാവിന്റെ സങ്കടങ്ങൾ മുഴുവൻ ആവാഹിച്ച പോലെ തോന്നും... രവീന്ദ്രൻ മാസ്റ്ററുടെ ഈണങ്ങൾക്ക് ദാസേട്ടനല്ലാതെ ആ ഫീൽ വേറെ ആര് കൊണ്ട് വരാൻ ?

ഈ പിതൃദിനത്തിൽ ( ഫാദേഴ്സ് ഡേ ) ഈ ഗാനം രവീന്ദ്ര സംഗീതം എല്ലാ അച്ഛന്മാർക്കുമായി സമർപ്പിക്കുന്നു..

മകളേ ... പാതിമലരേ
നീ മനസ്സിലെന്നെ അറിയുന്നോ ...
കനവും പോയ ദിനവും നിൻ
ചിരിയിൽ വീണ്ടുമുണരുന്നോ
ഈ കൊതുമ്പു കളിയോടം
കാണാത്ത തീരമണയുന്നോ..

കുഞ്ഞുതാരമായ് ദൂരെ വന്നു നീ
മിന്നി നിന്നിരുന്നോമനെ...
അന്നുറങ്ങാത്ത രാത്രിയിൽ നിൻ
ഓർമ്മതൻ നോവറിഞ്ഞു ഞാൻ
തഴുകി വീണ്ടുമൊരു തളിരുപാൽനിലാ -
വൊളി നുറുങ്ങുപോൽ എന്നെ നീ
അലസമൃദുലമഴകേ

ആരിരാരാരിരാരിരോ ആരിരാരാരിരാരിരോ

ഇന്നിതായെന്റെ കൈക്കുടന്നയിൽ
പഴയ പൂനിലാ താരകം
ഒരു പളുങ്ക് പൊൻ ചിമിഴിനുള്ളിലെ
മണ്‍ചിരാതിന്റെ നാളമായ്
കതിരിടുമ്പൊഴും കാറ്റിലാടാതെ
കാത്തിടും മനം കണ്മണീ
ഹൃദയമിവിടെ നിറയും
ഇനിയുറങ്ങാരിരാരിരോ ആരിരാരാരിരാരിരോ
ആരിരാരാരിരാരിരോ

Friday, June 14, 2013

വാർമുകിലേ വാനിൽ നീ വന്നു നിന്നാൽ .....

വാർമുകിലേ വാനിൽ നീ വന്നു നിന്നാൽ .....

ഈ ഗാനത്തെ സ്നേഹിക്കാത്തവർ ഉണ്ടാകില്ല... മഴ പോലെ , മയിൽ‌പീലി പോലെ , പൂവുകൾ പോലെ , പ്രണയം പോലെ .....

മാധവിക്കുട്ടി എന്ന വിശ്വസാഹിത്യകാരി എഴുതിയ ''നഷ്ടപ്പെട്ട നീലാംബരി'' എന്ന കഥയെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മഴ എന്ന ചിത്രത്തിന് വേണ്ടി യൂസഫലി കേച്ചേരി എഴുതി രവീന്ദ്രൻ മാസ്റ്റർ, മനോഹരമായ 'ജോഗ്' എന്ന ഹിന്ദുസ്ഥാനി രാഗത്തിൽ ചിട്ടപ്പെടുത്തിയ മഴവില്ലിന്റെ ചാരുതയുള്ള ഗാനം... ആരും മറക്കാത്ത ഗാനം...

ഒരു വിശേഷണങ്ങളും ആവശ്യമില്ലാത്ത ഗാനം...ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ച യൂസഫലി സാറിന്റെ രചനയെ കുറിച്ച് പറയേണ്ടതില്ലല്ലോ ... രവീന്ദ്രൻ മാസ്റ്റർക്ക് അവാർഡ് ലഭിക്കാത്തതിൽ അന്ന് സംഗീത രംഗത്തുള്ള പലരും നിരാശ മറച്ചു വച്ചില്ല ... രവീന്ദ്രൻ മാസ്റ്ററുടെ ആലാപിലൂടെ തുടങ്ങുന്ന ഈ പാട്ട് ചിത്ര എന്ന അത്ഭുതഗായികയിലൂടെ സഞ്ചരിച്ച് അവസാനിക്കുമ്പോൾ മനസ്സിലും ഒരു മഴ പെയ്ത അനുഭവം തരുന്നു...വാർമുകിൽ കാണുമ്പോൾ ഉള്ളിന്റെ ഉള്ളിലെ ശ്യാമവർണ്ണനായ കണ്ണനെ തേടുന്ന രാധയെ ഓർമ്മിപ്പിക്കുന്ന നായിക... ആ വിരഹം ഉള്ളിലൊളിപ്പിക്കുന്ന ഭാവം മുഴുവൻ ആലാപനത്തിലൂടെ ചിത്ര നമുക്ക് തരുന്നു...

രവീന്ദ്രൻ മാസ്റ്ററുടെ ചെന്നൈയിലെ വീട്ടിലെ ഒരു താൽക്കാലിക റെക്കോർഡിംഗ് റൂമിൽ വച്ച് മാസ്റ്ററുടെ മകനായ രാജൻ മാധവ് ആണ് ഇത് റെക്കോർഡ് ചെയ്തത്...ഈ ഗാനത്തിന് താനുദ്ദേശിച്ച ഭാവം എത്രയോ ഇരട്ടിയായി തിരിച്ചു തന്ന ചിത്രയുടെ ആലാപനത്തിൽ മാസ്റ്റർ അതീവ സന്തുഷ്ടനായി.. ചിത്ര ചേച്ചിയെ മകളെപ്പോലെ സ്നേഹിച്ചിരുന്ന മാസ്റ്റർ ഉടൻ തന്നെ ഈ ഗാനത്തിന്റെ രചയിതാവായ യൂസഫലി സാറിനെ വിളിച്ചു ഫോണിലൂടെ പാട്ട് കേൾപ്പിച്ചിട്ട് പറഞ്ഞു '' കേട്ടോ മാഷെ എന്റെ മോള് പാടിയത് '' ... അധികം ആരെയും നേരിൽ പറഞ്ഞു അഭിനന്ദിക്കുന്ന ശീലമില്ലാത്ത മാസ്റ്റർ തന്നെ അഭിനന്ദിച്ച ഈ നിമിഷം ചിത്ര ഇപ്പോഴും നനവ്‌ പകരുന്ന കണ്ണുകളോടെ ഓർക്കുന്നു...

ഇതു പോലൊരു ഗാനം സൃഷ്ടിക്കാൻ ഈ സംഗീത സംവിധായകൻ ഇനി ഉണ്ടാവില്ലല്ലോ എന്ന ദുഖത്തോടെ കൂട്ടുകാർക്ക് ഈ ഗാനം സമർപ്പിക്കുന്നു....

വാർമുകിലേ വാനിൽ നീ
വന്നു നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ
കളിയാടി നിൽക്കും കദനം നിറയും
യമുനാനദിയായ് മിഴിനീർ വഴിയും

പണ്ടു നിന്നെ കണ്ട നാളിൽ
പീലിനീർത്തി മാനസം
മന്ദഹാസം ചന്ദനമായി...
ഹൃദയരമണാ .....
ഇന്നെന്റെ വനിയിൽ കൊഴിഞ്ഞു പുഷ്പങ്ങൾ
ജീവന്റെ താളങ്ങൾ ...

അന്നു നീയെൻ മുന്നിൽ വന്നൂ
പൂവണിഞ്ഞൂ ജീവിതം
തേൻകിനാക്കൾ നന്ദനമായി
നളിന നയനാ ...
പ്രണയവിരഹം നിറഞ്ഞ വാഴ്വിൽ
പോരുമോ നീ വീണ്ടും....

Sunday, June 9, 2013

രാമകഥ ഗാനലയം മംഗളമെൻ തംബുരുവിൽ...

രാമകഥ ഗാനലയം മംഗളമെൻ തംബുരുവിൽ...

ഈ ഗാനം ആര്‍ക്കാണ് മറക്കാന്‍ കഴിയുക ? ...ഒരുപാട് സംഗീത മത്സരങ്ങളുടെ ഫൈനലിന്റെ വിധി ഈ ഗാനത്തിന്റെ ആലാപനത്തോടെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്... അത്രയേറെ മനസ്സില്‍ തട്ടുന്നതും പാടി ഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ളതും കൊണ്ടും ആണ് പലരും ഇത് തെരഞ്ഞെടുക്കുന്നത്..

ശുഭപന്തുവരാളി എന്ന രാഗത്തിന്റെ സകല ചാരുതയും ഒത്തു ചേര്‍ന്ന ഈ ഗാനത്തിന് ഗാനഗന്ധര്‍വന്റെ ആലാപനം പൂര്‍ണ്ണ ജീവനേകി ....കടല്‍ പോലെ ആഴവും പരപ്പും ശാന്തതയും ഉള്ള ഈ രാഗത്തിന്റെ ഭാവം എല്ലായ്പ്പോഴും ഒരു ദുഃഖ ചായ്‌വ് നിറഞ്ഞതാണ്... ഈ ഗാനം വളരെ വേഗതയാര്‍ന്നതാണ് ..പക്ഷെ ഭാവത്തിനു ഒരു കുറവും ഇല്ല...ഗന്ധര്‍വന്റെ ആലാപനം അതിന്റെ ഭാവം കൂട്ടിയിട്ടുണ്ടെങ്കിലെ ഉള്ളൂ.......സ്വന്തം ജ്യേഷ്ഠൻ മരിച്ചതറിഞ്ഞിട്ടും അത് ആരെയും അറിയിക്കാൻ സാധിക്കാതെ സഹോദരിയുടെ വിവാഹം നടത്തേണ്ടി വരുകയും അതിനിടിയിലെ പിരിമുറുക്കങ്ങള്‍ക്കിടയില്‍ എല്ലാം മറന്നു പാടേണ്ടി വരുകയും ചെയ്ത ഗോപിനാഥൻ എന്ന കഥാപാത്രം വെള്ളിത്തിരയില്‍ കണ്ണീര്‍ വാര്‍ക്കുമ്പോള്‍ ഒന്ന് കണ്ണ് നനയാത്ത മലയാളി ആരാണ് ഉള്ളത്? അത് കൊണ്ട് തന്നെ ഭരതം എന്ന ചിത്രത്തിലൂടെ ഭരത് അവാർഡ് നേടിയ ലാലേട്ടന്റെ അഭിനയ മികവ് ഈ ഗാനരംഗത്തിനു കൊഴുപ്പേകി... രവീന്ദ്രൻ മാഷിനു സ്റ്റേറ്റ് അവാർഡും ദേശീയ അവാർഡും ( സ്പെഷ്യൽ ജൂറി ) യേശുദാസിന് നാഷണല്‍ അവാർഡും ഇതിലൂടെ സ്വന്തമായി...ലോഹിതദാസും സിബി മലയിലും രവീന്ദ്രൻ മാഷും കൈതപ്രം തിരുമേനിയും യേശുദാസും ലാലേട്ടനും ഒക്കെ ചേർന്നാൽ പിന്നെ വെള്ളം ചോരുന്നതെങ്ങനെ ?


ഗാനം തുടങ്ങുമ്പോഴുള്ള ആലാപ് എല്ലാവരുടെയും മനസ്സിൽ ഒരു വിഷാദം നിറക്കുന്നു...പിന്നെ പല്ലവിയിലൂടെ അത് കൂടി വരുന്നു...ഇതിനിടയിലെ കല്യാണ രംഗം കാണിക്കാൻ ഉപയോഗിച്ചിരിക്കുന്ന നാഗസ്വരത്തിന്റെ ട്യൂണ്‍ പോലും വിഷാദമാണ് ഉണർത്തുന്നത്...ആദ്യമായാണ്‌ ഒരു താലികെട്ടിന്റെ മുഹൂർത്തത്തിൽ വിഷാദാത്മകമായ ഈണം അവതരിപ്പിക്കപ്പെടുന്നത് ...അത് സംഗീത സംവിധായകന്റെ ഒരു മികച്ച പ്രയോഗമായി കാണാം....അവസാനം ശ്രീരാമനെ വിളിച്ചു ഗന്ധര്‍വന്‍ പാടി അവസാനിപ്പിക്കുമ്പോള്‍ നമ്മുടെ മനസ്സിലും കാലങ്ങളോളം കാർമേഘം പടർത്തിയ ദുഃഖം പെയ്തൊഴിഞ്ഞ ഒരു നിര്‍വികാരതയാണ് ...ആശ്വാസമാണ്... ഈ ഗാനം കേള്‍ക്കൂ ....എന്നിട്ട് മനസ്സിന് ഭാരം കൂട്ടാനും കുറയ്ക്കാനും ഉള്ള സംഗീതത്തിന്റെ മാന്ത്രികത അനുഭവിക്കൂ....

രാമകഥ ഗാനലയം
മംഗളമെൻ തംബുരുവിൻ
പകരുക സാഗരമേ
ശ്രുതിലയ സാഗരമേ
സാകേതം പാടുകയായ് ഹേ രാമാ...
കാതരയാം ശാരികയായ്
സാകേതം പാടുകയായ് വീണ്ടും..

ആരണ്യ കാണ്ഡം തേടീ
സീതാഹൃദയം തേങ്ങീ
വാഗ്മീകങ്ങളിൽ ഏതോ
താപസമൌനമുണർന്നൂ വീണ്ടും

ഇന്ദ്രധനുസ്സുകൾ മീട്ടീ ദേവകൾ
ആദിനാമ ഗംഗയാടി രഘുപതി
രാമജയം രഘുരാമജയം
ശ്രീ ഭരതവാക്യ ബിന്ദു ചൂടി
സോദര പാദുക പൂജയിൽ ആത്മപദം
പ്രണവം വിടർന്നുലഞ്ഞുലഞ്ഞ സരയുവിൽ
മന്ത്രമൃദംഗതരംഗസുഖം
ശരവേഗതീവ്രതാളമേകി
മാരുതിയായ് ...................
ഗലഗന്ധസൂനധൂപദീപകലയായ്
മന്ത്രതന്ത്രയന്ത്രകലിതമുണരൂ
സാമഗാന ലഹരിയോടെ അണയൂ രാമാ......
ശ്രീരാമാ..... രാമാ.... രാമാ ......

Friday, June 7, 2013

സായന്തനം ചന്ദ്രികാലോലമായ്....

ഗാനഗന്ധര്‍വന്റെ ആലാപില്‍ തുടങ്ങുന്ന ഈ ഗാനം മലയാളികളുടെ ഇഷ്ട ഗാനങ്ങളില്‍ ഒന്നാണ്...രവീന്ദ്രൻ മാസ്റ്ററുടെ ഏറ്റവും മികച്ച പത്തു പാട്ടുകളില്‍ ഒന്നാമതായി ജോണ്‍സണ്‍ മാസ്റ്റർ പലപ്പോഴും പറഞ്ഞിട്ടുള്ള ഗാനം ....എല്ലാ ചേരുവകളും കൃത്യമായി കലർത്തിയ ഗാനം.....ഒരു പൂ വിരിയുന്ന സുഖമുണ്ട് ഈ പാട്ടിന്.....മരണത്തിന്റെ കൈകളില്‍ അകപ്പെട്ടു പോയ തന്റെ പ്രിയതമയെ ഓര്‍ക്കുന്ന നായകന്‍റെ നിരാശയാണ് ഈ ഗാനത്തിലെ സന്ദര്‍ഭം......

മാണ്ട് എന്ന മനോഹര രാഗത്തിലെ ഏറ്റവും മികച്ച ഗാനമായി തന്നെ ഈ ഗാനത്തിനെ ചൂണ്ടിക്കാണിക്കുന്നു... ഈണവും വരികളും ആലാപനവും ചിത്രീകരണവും എല്ലാം ഒരുപോലെ മികച്ചതാവുക എന്നത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.

പല്ലവി കഴിഞ്ഞയുടന്‍ വരുന്ന കീ ബോര്‍ഡും ഹാര്‍മോണിയവും അത് കഴിഞ്ഞു വരുന്ന വയലിനും നമ്മെ എവിടെയോ കൊണ്ടെത്തിക്കുന്നു...പശ്ചാത്തലത്തില്‍ പലപ്പോഴും വരുന്ന ചിലങ്കയുടെ ശബ്ദവും പാട്ടിനു മാറ്റ് കൂട്ടി....അനുപല്ലവിക്കു ശേഷം വരുന്ന ഒരു ദുരന്ത സീനിന്റെ പശ്ചാത്തലം വയലിനും മൃദന്ഗവും ചിലങ്കയും മാത്രം ഉപയോഗിച്ച് ചെയ്തിരിക്കുന്നു ...വളരെ ലളിതമായി....ആ ദുരന്തത്തിന്റെ ആഫ്ടര്‍ ഷോക്കായി വരുന്ന ഒരു ശൂന്യതയെ വെറും ഒരോടക്കുഴലില്‍ മാഷ്‌ ഒതുക്കി നിർത്തുന്നു .....

ഒരുപാട് തവണ പറഞ്ഞിട്ടുള്ളതാനെങ്കിലും ദാസേട്ടൻ ഈ ഗാനത്തിന് കൊടുത്തിരിക്കുന്ന ഭാവം പറയാതെ വയ്യ..... അദ്ദേഹത്തിന് മാത്രം കഴിയുന്ന മാന്ത്രിക ആലാപനം .. . ഒപ്പം ഗാനചിത്രീകരണത്തെ കുറിച്ച് ഒരു വാക്കെങ്കിലും പറയാതെ പറ്റില്ല ..... സിബി മലയില്‍ എന്ന സംവിധായകന്‍ മാഷിന്റെ പല സിനിമകള്‍ക്കും നല്ല ചിത്രീകരണം ഒരുക്കിയിട്ടുള്ള ആളാണ്‌....നീല പൌര്‍ണമിരാവില്‍, നിലാവില്‍ ഭാരതപ്പുഴയുടെ മണലില്‍ ഉള്ള ഒരോ വിഷ്വലും റിച്ച് ആണ്.....മോഹന്‍ലാലിന്റെയും പാര്‍വതിയുടെയും നൃത്തചുവടുകളും വിരഹവും ഓര്‍മകളും നിലാവില്‍ പുഴയില്‍ പ്രതിഫലിക്കുന്ന നൃത്തമണ്ഡപവും എല്ലാം എല്ലാം കാഴ്ചക്ക് ഒരുത്സവം തന്നെ....പ്രിയപ്പെട്ടവര്‍ പിരിഞ്ഞു പോയ ദുഖമനുഭവിച്ചവര്‍ക്കെല്ലാം ഈ പാട്ട് കേള്‍ക്കുമ്പോഴോ കാണുമ്പോഴോ ഗാനത്തിന്റെ ഭാവമായ വിരഹം അനുഭവപ്പെട്ടിട്ടുണ്ടാകും....

സംഗീതത്തിലെ ഭാവം കൊണ്ട് മനസ്സിനെ കീഴടക്കിയ രവീന്ദ്രൻ മാസ്റ്ററെ പോലൊരാള്‍ ഈ ഭൂമിയിലെ ഒരോ സായന്തനങ്ങളിലും ഇതിലൂടെ നടന്നു പോയിരുന്നു എന്നത് വരും തലമുറയ്ക്ക് ആശ്ചര്യമോ ആലോചനയോ ഉണ്ടാക്കിയാല്‍ അത്ഭുതമില്ല......

ഒരിക്കലും സായന്തനമില്ലാത്ത ഈ ഗാനം നമുക്ക് സമ്മാനിച്ച കൂട്ടുകെട്ടിന് നന്ദി ....

സായന്തനം ചന്ദ്രികാലോലമായ്
നാലമ്പലം നലമെഴും സ്വര്‍ഗ്ഗമായ്
മനയോല ചാര്‍ത്തി കേളീവസന്തം
ഉണരാത്തതെന്തേ..... പ്രിയതേ


വില്വാദ്രിയില്‍ തുളസീദളം ചൂടാന്‍‌വരും മേഘവും
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയില്‍...
തിരുവരങ്ങിലമൃതവര്‍ഷമായ്...
പനിനീര്‍ തളിക്കുവാനിന്ദ്രദൂതുമായ് വന്നു


ഋതുവീണതന്‍ കരുണാര്‍ദ്രമാം ശ്രീരാഗമേ എങ്ങു നീ
കുളിരോര്‍മ്മയില്‍ പദമാടുമെന്‍ പ്രിയരാധികേ എങ്ങു നീ
നിന്‍ പ്രസാദമധുരഭാവമെവിടെ...
നിന്‍ വിലാസലയതരംഗമെവിടെ...
എന്നുള്‍ച്ചിരാതില്‍ നീ ജീ‍വനാളമായ് പോരൂ...

Wednesday, June 5, 2013

ആഷാഢം പാടുമ്പോൾ

വേനലിനൊടുവിൽ ഇതാ വീണ്ടുമൊരു മഴക്കാലം കൂടി... നീരുറവകൾ പോലും വറ്റിപ്പോയ ഈ ഗ്രീഷ്മത്തിന് , വർഷപാതത്തിലൂടെ ഇതാ അവസാനമായിരിക്കുന്നു. ഭൂമിയെയും മനസ്സിനെയും കുളിരണിയിക്കുന്ന മഴ .

മഴ എന്നും ഒരു അനുഭവം ആണ് . ഋതുഭേദങ്ങളിലെ ഒരു പ്രതിഭാസം മാത്രമാണിതെങ്കിലും നമുക്ക് മഴ ഒരു വികാരം കൂടിയാണ് . മഴ നനയാൻ , പുതുമണ്ണിന്റെ ഗന്ധം അനുഭവിക്കാൻ , പച്ചപ്പിന്റെ പുതുനാമ്പുകൾ തളിർക്കുന്നത് കാണാൻ !! .... മനസ്സിൽ ഓർമ്മകളുടെ ഓളങ്ങൾ സൃഷ്ടിക്കാൻ മഴക്ക് കഴിയുന്നു.

മഴയെ കുറിച്ച് എഴുതാത്ത കവികളില്ല , കഥാകാരന്മാരില്ല , പറയാത്തവരില്ല , മനസ്സിലെങ്കിലും പാടാത്തവരില്ല. അത്രയ്ക്കുണ്ട് മഴയുടെ സ്വാധീനം. മഴയുടെ നല്ല ഓർമകളിൽ മഴയുടെ കെടുതികൾ പോലും നമ്മൾ മറന്നു പോകുന്നു . പച്ച പുതച്ച നാടും പുഴയും തോടുകളും വയലുകളും ഒപ്പം മഴയും മനസ്സിന് സന്തോഷം തരുന്ന ഒന്നാണ് . മനസ്സിൽ ഗൃഹാതുരത്വം പേറി നടക്കുന്ന ഏതൊരു പ്രവാസിക്കും മനസ്സിൽ നാടിന്റെ ഓർമ്മ വരാൻ മഴ എന്നൊരു വാക്ക് പറഞ്ഞാൽ മതി.

ലെനിൻ രാജേന്ദ്രന്റെ മഴ എന്ന ചിത്രത്തിലെ ഒരു ഗാനം ഉണ്ട്. ആഷാഢം പാടുമ്പോൾ എന്ന ഗാനം. മഴമാസമാണ് ആഷാഢം . മഴ പോലും പെയ്യിക്കുന്ന അമൃതവർഷിണി രാഗത്തിൽ രവീന്ദ്രൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ മനോഹരഗാനം. ഓരോ പുൽനാമ്പിലും മഴയുടെ തേൻ സന്ദേശം ചൊരിയുന്ന കെ ജയകുമാർ സാറിന്റെ വരികൾ . ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും മധുരം പകരുന്ന ആലാപനം.

മഴയെ സ്നേഹിക്കുന്നവർക്കും മഴ നഷ്ടമാകുന്ന പ്രവാസി സുഹൃത്തുക്കൾക്കുമായി ഈ ഗാനം രവീന്ദ്ര സംഗീതം സമർപ്പിക്കുന്നു...

ഒപ്പം ഒരു പരിസ്ഥിതി ദിനം കൂടി .... ജൂണ്‍ 5.

മനുഷ്യനാൽ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈശ്വരന്റെ വരദാനമായ പ്രകൃതി... വായുവും മണ്ണും മരങ്ങളും മലകളും പുഴകളും പുൽമേടുകളും ഓരോ നിമിഷത്തിലും ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു... പലയിടത്തും മഴ പോലും അന്യമായിക്കൊണ്ടിരിക്കുന്നു ....നന്മകൾ നിറഞ്ഞ , ശുദ്ധവായു നിറഞ്ഞ ഒരു പ്രകൃതി നമുക്ക് സ്വപ്നം കാണാം ...മരങ്ങൾ വച്ച് പിടിപ്പിക്കാം ....മലിനീകരണം തടയാം ....നിയമങ്ങൾ അനുസരിക്കാം .. അതിനു വേണ്ടി നമുക്ക് കൈ കോർക്കാം... ശുദ്ധസംഗീതം പോലെ ഓർമ്മകളിലെ പ്രകൃതി വീണ്ടുമുണരട്ടെ ....

ആഷാഢം പാടുമ്പോൾ
ആത്മാവിൻ രാഗങ്ങൾ
ആനന്ദ നൃത്തമാടുമ്പോൾ
വെള്ളാരം മുത്തും കൊണ്ടാകാശം പ്രേമത്തിൻ
കൈക്കുമ്പിൾ നീട്ടുമ്പോൾ
മനസ്സിലും മൃദംഗമം

ഈ പുൽനാമ്പിൽ മഴയുടെ തേൻ സന്ദേശം
ഇനി മുതൽ ഈ പുൽനാമ്പിൽ മഴയുടെ തേൻ സന്ദേശം
ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം
അമൃതതരളിത നവവികാരം
കുസുമഭംഗികളുയിരിലലിയും
മധുരസായക മധുരകദനം

നീ മീട്ടാതെ ഉയരും വീണാനാദം
മനസ്സിൽ നീ മീട്ടാതെ ഉയരും വീണാനാദം
ഉപവന ദലകുതൂഹല സ്വരപരാഗം
നറുമ വിതറും നിമിഷശലഭം
മിഴിവിളക്കുകൾ നിന്നെയുഴിയും
മൌനവീചികൾ വന്നു പൊതിയും

Sunday, June 2, 2013

ഇളയരാജ - തെന്നിന്ത്യൻ സംഗീത ചക്രവർത്തി


ഇളയരാജ എന്ന പേരിന് സംഗീതം എന്ന് ആരെങ്കിലും പര്യായം പറഞ്ഞാൽ അതൊരു തെറ്റാകില്ല. തെന്നിന്ത്യൻ സംഗീത ചക്രവർത്തി എന്നാൽ ഒരു കാലത്ത് ഇളയരാജ ആയിരുന്നു. പ്രത്യേകിച്ചും തമിഴ് ചലച്ചിത്ര ഗാനരംഗം. തമിഴ് ചലച്ചിത്ര സംഗീതകാലഘട്ടം ഇളയരാജക്ക് മുമ്പും ശേഷവും എന്ന് നിരീക്ഷിച്ചാൽ പോലും അതിൽ ഒട്ടും അതിശയോക്തിയില്ല.

കർണാടക സംഗീതവും പാശ്ചാത്യ സംഗീതവും നാടൻ ശീലുകളും തുടങ്ങി രാജ സാർ സംഗീത സംവിധാനം ചെയ്യാൻ ഉപയോഗിക്കാത്ത മേഘലകളില്ല . വിവിധ ഭാഷകളിലായി എത്രയോ ഗാനങ്ങൾ !! എല്ലാം ഒന്നിനൊന്നു മെച്ചം . രാജ സാറിന്റെ സംഗീതമാധുര്യം അനുഭവിക്കാത്തവരില്ല. അദ്ദേഹത്തിന്റെ എത്രയോ ഈണങ്ങൾ വിവിധ ഭാഷകളിലേക്ക് കടം കൊണ്ടിട്ടുണ്ട് .

തമിഴ് , മലയാളം , തെലുങ്ക്‌ , കന്നഡ , ഹിന്ദി , മറാത്തി തുടങ്ങി വിവിധ ഭാഷകളിലൂടെ ഇദ്ദേഹത്തിന്റെ സംഗീതം ആസ്വാദക മനസ്സുകളിൽ ഇടം നേടി. ഗ്രാമീണ സംഗീതവും പാശ്ചാത്യ സംഗീതവും കർണാടക സംഗീതവും ഇടകലർത്തിയുള്ള പരീക്ഷണങ്ങൾ എല്ലാം ഒരു പുതിയ അനുഭവമായിരുന്നു . പശ്ചാത്തല സംഗീതമേഘലയിലും രാജ സാർ ഏറെ മികവു കാട്ടി . സംഗീത സംവിധാനത്തിന് മാത്രമല്ല , പശ്ചാത്തല സംഗീതത്തിനും അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട് . ദേശീയവും അന്തർദേശീയവും ആയ നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തെ ഭാരത സർക്കാർ പദ്മഭൂഷണ്‍ ബഹുമതി നൽകി ആദരിച്ചു . നമ്മൾ ആദരപൂർവ്വം ഇസൈജ്ഞാനി എന്ന് വിളിക്കുന്ന ഇളയരാജ സാറിന്റെ ജന്മദിനമാണിന്ന്. അദ്ദേഹത്തിൽ നിന്ന് ഇനിയും നമുക്ക് ഒരായിരം ഈണങ്ങൾ ലഭിക്കട്ടെ...അദ്ദേഹം ദീർഘായുസ്സായിരിക്കട്ടെ ....

സംഗീത ലോകത്തെ ഇളയരാജ എന്ന ഈ ''പെരിയ'' രാജയ്ക്ക് രവീന്ദ്ര സംഗീതത്തിന്റെ ജന്മദിനാശംസകൾ.....