Pages

Friday, June 14, 2013

വാർമുകിലേ വാനിൽ നീ വന്നു നിന്നാൽ .....

വാർമുകിലേ വാനിൽ നീ വന്നു നിന്നാൽ .....

ഈ ഗാനത്തെ സ്നേഹിക്കാത്തവർ ഉണ്ടാകില്ല... മഴ പോലെ , മയിൽ‌പീലി പോലെ , പൂവുകൾ പോലെ , പ്രണയം പോലെ .....

മാധവിക്കുട്ടി എന്ന വിശ്വസാഹിത്യകാരി എഴുതിയ ''നഷ്ടപ്പെട്ട നീലാംബരി'' എന്ന കഥയെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മഴ എന്ന ചിത്രത്തിന് വേണ്ടി യൂസഫലി കേച്ചേരി എഴുതി രവീന്ദ്രൻ മാസ്റ്റർ, മനോഹരമായ 'ജോഗ്' എന്ന ഹിന്ദുസ്ഥാനി രാഗത്തിൽ ചിട്ടപ്പെടുത്തിയ മഴവില്ലിന്റെ ചാരുതയുള്ള ഗാനം... ആരും മറക്കാത്ത ഗാനം...

ഒരു വിശേഷണങ്ങളും ആവശ്യമില്ലാത്ത ഗാനം...ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ച യൂസഫലി സാറിന്റെ രചനയെ കുറിച്ച് പറയേണ്ടതില്ലല്ലോ ... രവീന്ദ്രൻ മാസ്റ്റർക്ക് അവാർഡ് ലഭിക്കാത്തതിൽ അന്ന് സംഗീത രംഗത്തുള്ള പലരും നിരാശ മറച്ചു വച്ചില്ല ... രവീന്ദ്രൻ മാസ്റ്ററുടെ ആലാപിലൂടെ തുടങ്ങുന്ന ഈ പാട്ട് ചിത്ര എന്ന അത്ഭുതഗായികയിലൂടെ സഞ്ചരിച്ച് അവസാനിക്കുമ്പോൾ മനസ്സിലും ഒരു മഴ പെയ്ത അനുഭവം തരുന്നു...വാർമുകിൽ കാണുമ്പോൾ ഉള്ളിന്റെ ഉള്ളിലെ ശ്യാമവർണ്ണനായ കണ്ണനെ തേടുന്ന രാധയെ ഓർമ്മിപ്പിക്കുന്ന നായിക... ആ വിരഹം ഉള്ളിലൊളിപ്പിക്കുന്ന ഭാവം മുഴുവൻ ആലാപനത്തിലൂടെ ചിത്ര നമുക്ക് തരുന്നു...

രവീന്ദ്രൻ മാസ്റ്ററുടെ ചെന്നൈയിലെ വീട്ടിലെ ഒരു താൽക്കാലിക റെക്കോർഡിംഗ് റൂമിൽ വച്ച് മാസ്റ്ററുടെ മകനായ രാജൻ മാധവ് ആണ് ഇത് റെക്കോർഡ് ചെയ്തത്...ഈ ഗാനത്തിന് താനുദ്ദേശിച്ച ഭാവം എത്രയോ ഇരട്ടിയായി തിരിച്ചു തന്ന ചിത്രയുടെ ആലാപനത്തിൽ മാസ്റ്റർ അതീവ സന്തുഷ്ടനായി.. ചിത്ര ചേച്ചിയെ മകളെപ്പോലെ സ്നേഹിച്ചിരുന്ന മാസ്റ്റർ ഉടൻ തന്നെ ഈ ഗാനത്തിന്റെ രചയിതാവായ യൂസഫലി സാറിനെ വിളിച്ചു ഫോണിലൂടെ പാട്ട് കേൾപ്പിച്ചിട്ട് പറഞ്ഞു '' കേട്ടോ മാഷെ എന്റെ മോള് പാടിയത് '' ... അധികം ആരെയും നേരിൽ പറഞ്ഞു അഭിനന്ദിക്കുന്ന ശീലമില്ലാത്ത മാസ്റ്റർ തന്നെ അഭിനന്ദിച്ച ഈ നിമിഷം ചിത്ര ഇപ്പോഴും നനവ്‌ പകരുന്ന കണ്ണുകളോടെ ഓർക്കുന്നു...

ഇതു പോലൊരു ഗാനം സൃഷ്ടിക്കാൻ ഈ സംഗീത സംവിധായകൻ ഇനി ഉണ്ടാവില്ലല്ലോ എന്ന ദുഖത്തോടെ കൂട്ടുകാർക്ക് ഈ ഗാനം സമർപ്പിക്കുന്നു....

വാർമുകിലേ വാനിൽ നീ
വന്നു നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ
കളിയാടി നിൽക്കും കദനം നിറയും
യമുനാനദിയായ് മിഴിനീർ വഴിയും

പണ്ടു നിന്നെ കണ്ട നാളിൽ
പീലിനീർത്തി മാനസം
മന്ദഹാസം ചന്ദനമായി...
ഹൃദയരമണാ .....
ഇന്നെന്റെ വനിയിൽ കൊഴിഞ്ഞു പുഷ്പങ്ങൾ
ജീവന്റെ താളങ്ങൾ ...

അന്നു നീയെൻ മുന്നിൽ വന്നൂ
പൂവണിഞ്ഞൂ ജീവിതം
തേൻകിനാക്കൾ നന്ദനമായി
നളിന നയനാ ...
പ്രണയവിരഹം നിറഞ്ഞ വാഴ്വിൽ
പോരുമോ നീ വീണ്ടും....

0 comments:

Post a Comment