രവീന്ദ്രൻ മാസ്റ്ററുടെ മറ്റൊരു മനോഹരഗാനം... കളിപ്പാട്ടം എന്ന ചിത്രത്തിന് വേണ്ടി കോന്നിയൂർ ഭാസ് രചിച്ചു ദാസേട്ടൻ അതിഗംഭീരമായി പാടിയ ഗാനം... ഹരികാംബോജി രാഗത്തിലെ ഈ പാട്ടിന് വല്ലാത്തൊരു ഭാവമാണ്...
ഒരു കളിപ്പാട്ടം പോലെ നിന്ന് ഒരു പെണ്‍കുട്ടിയെ സന്തോഷിപ്പിക്കേണ്ടി വരുകയും പിന്നീട് ജീവനെപ്പോലെ സ്നേഹിച്ചതിന് ശേഷം അവളെ എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന് ഓർക്കുന്ന നായകൻറെ അവസ്ഥയിൽ വരുന്ന സങ്കടം ആണ് ഇവിടെ സന്ദർഭം... ഏവരുടെയും മനസ്സിൽ തട്ടുന്ന രീതിയിലുള്ള ഈണവും വരികളും സർവോപരി വേണ്ട ഭാവത്തിൽ തന്നെ പാടിയ ദാസേട്ടനും ഈ ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു...
ഇരുപതു വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ ഈ ഗാനം ഇപ്പോഴും പത്തരമാറ്റായി തിളങ്ങി നിൽക്കുന്നു എന്നതിൽ യാതൊരു അത്ഭുതവും ഇല്ല... രവീന്ദ്രൻ മാസ്റ്ററുടെ കയ്യൊപ്പ് പതിഞ്ഞ ഗാനങ്ങളുടെ ചരിത്രവും അതുതന്നെയാണ്...
സഹജീവികളുടെ സന്തോഷത്തിനു വേണ്ടി സ്വന്തം ദുഃഖങ്ങൾ ഉൾപ്പടെ എല്ലാം മറന്നു കണ്ണീരിനു മുകളിൽ ഒരു ചിരി പടർത്തി ജീവിതം മാതൃകയാക്കുന്ന എല്ലാ നല്ല മനസ്സുകൾക്കും മുന്നിൽ ഈ ഗാനം രവീന്ദ്രസംഗീതം സമർപ്പിക്കുന്നു....
കളിപ്പാട്ടമായ് കണ്‍മണീ നിന്റെ മുന്നില്‍
മനോവീണ മീട്ടുന്നു ഞാന്‍...
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍
സ്വരക്കൂടു കൂട്ടുന്നു ഞാന്‍ ദേവീ...
മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും
മണിച്ചിലമ്പിന്‍ കൊഞ്ചലേ...
മനപ്പന്തലിന്‍ മഞ്ചലില്‍ മൗനമായ് നീ
മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നു
അറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞു
ഉയിര്‍പൈങ്കിളീ എന്നുമീ യാത്രയില്‍ നിന്‍
നിഴല്‍പ്പാടു ഞാനല്ലയോ...
മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നുവീഴുമെന്‍
നനുത്ത സ്‌നേഹത്തിന്‍ തുമ്പികള്‍
തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം
തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദം
ചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം ഞാന്‍
ഉഷഃസന്ധ്യതന്‍ നാളമേ നിന്റെ മുന്നില്‍
വഴിപ്പൂവു ഞാനോമനേ...
0 comments:
Post a Comment